ആതിരയുടെ മരണം: പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

കോട്ടയം: കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് കോതനല്ലൂര്‍ സ്വദേശി ആതിര ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. കോതനല്ലൂര്‍ മുണ്ടക്കല്‍ വീട്ടില്‍ വിദ്യാധരന്‍ മകന്‍ അരുണ്‍ വിദ്യാധരന് (32) എതിരേയാണ് കോട്ടയം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. സംഭവം നടന്ന് നാലുദിവസമായിട്ടും പ്രതിയെ പിടികൂടാനാകാത്ത സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. അരുണ്‍ വിദ്യാധരന്‍ സംസ്ഥാനം വിട്ടെന്ന് കഴിഞ്ഞദിവസം തന്നെ അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു. ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. കഴിഞ്ഞദിവസം പ്രതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയത് കോയമ്പത്തൂരിലാണെന്നും വിവരങ്ങളുണ്ട്. നിലവില്‍ അയല്‍സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസിന്റെ തിരച്ചില്‍ തുടരുന്നത്. സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് ബുധനാഴ്ച രാവിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടുത്തുരുത്തി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ആതിര പരാതിനല്‍കിയ വിവരം പോലീസ് സ്റ്റേഷനില്‍നിന്ന് പ്രതിക്ക് ചോര്‍ത്തി നല്‍കിയെന്നും അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നുമായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം. സ്റ്റേഷനകത്തേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് മാറ്റാന്‍ ശ്രമിച്ചതോടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായിരുന്നു.

