വിദേശസഹായത്തിൽ ഇരട്ടത്താപ്പ്: കേരളം കേന്ദ്രത്തെ പ്രതിഷേധമറിയിക്കും; വയനാടിനും സഹായം ലഭിച്ചില്ല

ന്യൂഡൽഹി: പ്രളയസമയത്ത് കേരളത്തിന് നിഷേധിക്കപ്പെട്ട വിദേശസഹായധനം മഹാരാഷ്ട്രയ്ക്ക് അനുവദിച്ചതിലെ ഇരട്ടത്താപ്പും ഇതിലുള്ള പരിഭവവും കേന്ദ്രത്തെ അറിയിക്കാൻ കേരളം. ചൊവ്വാഴ്ച ഡൽഹിയിലെത്തുന്ന ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി. വയനാടിന് പ്രത്യേക ദുരിതാശ്വാസസഹായം വൈകുന്നതടക്കമുള്ള മറ്റുവിഷയങ്ങളും മന്ത്രി ഉന്നയിക്കും.
2010-ലെ വിദേശസംഭാവനാ നിയന്ത്രണനിയമപ്രകാരം മഹാരാഷ്ട്രാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് അനുമതി ലഭ്യമായതിനാലാണ് അവർക്ക് വിദേശ സഹായധനം നേടാനായതെന്നാണ് വിശദീകരണം. എന്നാൽ, ഈ സാങ്കേതികത്വം പറയാതെയാണ് 2018-ൽ കേരളത്തിന് അനുമതി നിഷേധിച്ചത്.
എഫ്സിആർഎയ്ക്കുകീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കുമാത്രമേ വിദേശസംഭാവനകൾ സ്വീകരിക്കാനാവൂ. എഫ്സിആർഎ അനുമതിക്കുള്ള മാനദണ്ഡങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് മഹാരാഷ്ട്ര രജിസ്ട്രേഷൻ നേടിയെടുത്തത്. കേരളത്തിന് അന്ന് അത്തരത്തിൽ ആലോചിക്കാൻ സാവകാശമില്ലായിരുന്നു. അനുമതി നൽകേണ്ടത് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്.
രാജ്യങ്ങൾ തമ്മിലല്ലാതെ വിദേശസഹായധന ഇടപാടുകൾ പറ്റില്ലെന്നാണ് 2018-ൽ കേന്ദ്രം ചൂണ്ടിക്കാട്ടിയത്. ഇന്ത്യയിലെ ഏതെങ്കിലുമൊരു സംസ്ഥാനത്തിനുമാത്രമായി നേരിട്ട് വിദേശസഹായധനം കൈപ്പറ്റാനാവില്ലെന്നായിരുന്നു വാദം.
കേരളത്തിന് അനുമതി നിഷേധിച്ചതിനുപിന്നാലെ, വിദേശസഹായ വാഗ്ദാനങ്ങളെ നന്ദിപൂർവം നിരസിക്കണമെന്ന് നിർദേശിച്ച് വിദേശത്തെ ഇന്ത്യൻ എംബസികൾക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കത്തെഴുതിയിരുന്നു.
2004-ലെ യുപിഎ സർക്കാരാണ് ദുരന്തം നേരിടാൻ വിദേശസഹായം വാങ്ങേണ്ടെന്ന നിലപാട് ആദ്യമെടുത്തത്. സുനാമി സമയത്ത് വിദേശരാജ്യങ്ങളുടെ സഹായം യുപിഎ സർക്കാർ നിരസിച്ചു. ഇന്ത്യ ഈ അവസ്ഥയെ സ്വയം നേരിടുമെന്നും സഹായം ആവശ്യമെങ്കിൽമാത്രം സ്വീകരിക്കുമെന്നുമാണ് പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് വ്യക്തമാക്കിയത്. ഇതിനുശേഷം കശ്മീർ വെള്ളപ്പൊക്കം, 2013-ലെ ഉത്തരാഖണ്ഡ് ഉരുൾപൊട്ടൽ എന്നിവയെ നേരിടുന്നതിനും വിദേശസഹായം ഇന്ത്യ സ്വീകരിച്ചില്ല. ഇതാണ് കേരളത്തോട് കേന്ദ്രം ചൂണ്ടിക്കാട്ടിയത്. കേരളത്തിലെ അടിസ്ഥാനസൗകര്യ നിക്ഷേപനിധിയായ കിഫ്ബിക്കും ഇതേ പരിമിതിയുണ്ട്. റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് ആദ്യവർഷം ലണ്ടനിൽ മസാലബോണ്ട് ഇറക്കിയത്. പിന്നീടത് സാധിച്ചില്ല.
സ്വജനപക്ഷപാതം -കെ.കെ. ശൈലജ
ന്യൂഡൽഹി: കേരളത്തിന് നിഷേധിച്ച അനുമതി മഹാരാഷ്ട്രയ്ക്ക് നൽകിയ കേന്ദ്രസർക്കാർ സ്വജനപക്ഷപാതം കാണിക്കുകയാണെന്ന് കെ.കെ. ശൈലജ എംഎൽഎ പറഞ്ഞു. വയനാട്ടിലും സമാന സമീപനമാണ് കേന്ദ്രം സ്വീകരിച്ചതെന്നും. ശൈലജ കുറ്റപ്പെടുത്തി.

