KSDLIVENEWS

Real news for everyone

റോഡ് വീതി കൂട്ടി ടാറിങ് നടത്തിയിട്ട് ഒരു വർഷത്തോളമായി; വൈദ്യുത തൂണുകൾ മാറ്റാത്തതിൽ പ്രതിഷേധം

SHARE THIS ON

രാജപുരം ∙ റോഡ് വീതികൂട്ടി ടാറിങ് നടത്തി ഒരു വർഷത്തോളമായിട്ടും വൈദ്യുത തൂണുകൾ മാറ്റാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒടയംചാൽ-‘ഇടത്തോട് റോഡിൽ ഒടയംചാൽ ടൗണിലാണ് ടാറിങ് പൂർത്തിയായിട്ടും റോഡിൽ വൈദ്യുതി തൂണുകൾ മാറ്റാതെ വച്ചിരിക്കുന്നത്. ടാറിങ് സമയത്ത് തൂണുകൾ മാറ്റാത്തതിനെ തുടർന്ന് കരാറുകാരൻ തൂണുകൾക്കു ചുറ്റിലും ടാറിങ് പൂർത്തിയാക്കി. ഇപ്പോൾ തൂണുകൾ റോഡിലായ സ്ഥിതിയാണ്.

കാഞ്ഞങ്ങാട്–പാണത്തൂർ സംസ്ഥാന പാതയോട് ചേരുന്ന സ്ഥലമായതിനാൽ ഇവി‌ടെ ഓട്ടോ–ടാക്സി വാഹന പാർക്കിങ്ങിനും, കാൽനട യാത്രയ്ക്കും കൂടുതൽ സ്ഥലം ആവശ്യമാണ്. വൈദ്യുതി തൂണുകൾ റോഡിൽ തന്നെ നിൽക്കുന്നതിനാൽ ഇതിനു തടസ്സമാകുന്നതായി ഡ്രൈവർമാരും പറയുന്നു. ഒരു ഭാഗത്ത് മൺ കൂനയ്ക്ക് മുകളിൽ അപകട ഭീഷണിയിലാണ് തൂൺ ഉള്ളത്. സമീപത്തെ ആയുർവേദ ആശുപത്രി, റേഷൻ കട, സപ്ലൈകോ സൂപ്പർമാർക്കറ്റ്, പാൽ സൊസൈറ്റി എന്നിവിടങ്ങളിലേക്ക് നിരവധി പേരാണ് നിത്യവും അപകടം പതിയിരിക്കുന്ന ഈ തൂണിനു സമീപം കൂടി ക‌ടന്ന് പോകുന്നത്.

തൂണുകൾ മാറ്റണം എന്നാവശ്യപ്പെട്ട് നാട്ടുകാർ ബന്ധപ്പെട്ട ഓഫിസുകളിൽ പരാതി നൽകിയെങ്കിലും വകുപ്പുകൾ തമ്മിൽ പരസ്പരം പഴിചാരുകയാണെന്നു പറയുന്നു. തൂണുകൾ മാറ്റി സ്ഥാപിക്കുന്നതിന് അ‌ടിയന്തര നടപടി സ്വീകരിക്കണമെന്നും, റോഡ് നവീകരണത്തിന്റെ അനുബന്ധ പ്രവൃത്തികൾ എത്രയും പെട്ടെന്ന് പൂർത്തീയാക്കണമെന്നും ആവശ്യപ്പെട്ട് കോ‌ടോം ബേളൂർ പഞ്ചായത്തംഗം ജിനി ബിനോയ് ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർക്ക് നിവേദനം നൽകിയിട്ടുണ്ട്.

ഓഫിസുകൾ ഉപരോധിക്കാൻ കോൺഗ്രസ്

ഒടയംചാൽ ∙ റോഡിന് നടുവിലുള്ള വൈദ്യുതി തൂൺ മാറ്റി സ്ഥാപിക്കാത്ത അധികൃതരുടെ നടപടിക്കെതിരെ ബന്ധപ്പെട്ട ഓഫിസുകൾ ഉപരോധിക്കാൻ കോൺഗ്രസ് കോടോം ബേളൂർ മണ്ഡലം കമ്മിറ്റി തീരുമാനം. തൂണുകൾ മാറ്റണമെന്ന ആവശ്യവുമായി മണ്ഡലം കമ്മിറ്റി റോഡ് ഉപരോധ സമരം നടത്തിയിരുന്നു. മണ്ഡലം പ്രസിഡന്റ് ബാലചന്ദ്രൻ അടുക്കം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ബാലകൃഷ്ണൻ ചക്കിട്ടടുക്കം, ജിനി ബിനോയ്, ഇസഹാക്ക് ഒടയംചാൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!