മയക്കുമരുന്ന് പിടിമുറുക്കുന്നു; ഈ വർഷം ജില്ലയിൽ അറസ്റ്റ് ചെയ്തത് 893 പേരെ

വിദ്യാർഥികളെയും യുവജനങ്ങളെയും ഇരകളാക്കി കേരളത്തിൽ പിടിമുറുക്കുന്ന ലഹരിമാഫിയക്കെതിരേ ബുധനാഴ്ച നിയമസഭയിൽ ഭരണ, പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചണിനിരന്നു. ജനകീയ പങ്കാളിത്തത്തോടെ ഈ സാമൂഹിക വിപത്തിനെ നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ലഹരി മാഫിയയെ അടിച്ചമർത്താനുള്ള പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പൂർണ പിന്തുണയും ഉറപ്പുനൽകി. തൊട്ടടുത്തെത്തിയ ഈ സാമൂഹികപ്രശ്നത്തെ നേരിടാൻ നമുക്കും കൈകോർക്കാം.
കാഞ്ഞങ്ങാട്: പത്താംതരത്തിൽ മുഴുവൻ വിഷയത്തിലും എ പ്ലസ്. തുടർപഠനത്തിലും നല്ല മാർക്ക്. ഒടുവിൽ എം.ബി.എ. ബിരുദം. വയസ്സ് 24 തികഞ്ഞില്ല. ഈ ചെറുപ്പക്കാരൻ ഇന്നു ജയിലിലാണ്. കൗമാരക്കാരനായ മകൻ വഴിതെറ്റിയപ്പോൾ ജീവിതം അവസാനിപ്പിച്ചു അവന്റെ അച്ഛൻ. ഭാര്യയുടെ കൈയിൽനിന്ന് കൈക്കുഞ്ഞിനെ പിടിച്ചുവാങ്ങി മുകളിലേക്കെറിഞ്ഞ യുവാവ്. ഇത്തരത്തിൽ മനസ്സ് പിടഞ്ഞുപോകുന്ന എത്രയോ സംഭവങ്ങൾ.

