പുലര്‍ച്ചെ 5 മുതല്‍ റെയ്ഡ്; ഓണം ആഘോഷിക്കാന്‍ നാട്ടിലെത്തിയ 107 പിടികിട്ടാപ്പുള്ളികള്‍ വലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് നടത്തിയ റെയ്ഡില്‍ 107 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റിലായി. ഇവരില്‍ 13 പേര് അപകടകാരികളാണെന്നാണ് പോലീസ് പറയുന്നത്. തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ജില്ലവിട്ടിരുന്ന ഇവര്‍ ഓണത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് തിരിച്ചെത്തിയത് മനസിലാക്കിയായിരുന്നു പോലീസ് നീക്കം. കോടതിയില്‍ ഹാജരാക്കി ഇവരെ റിമാന്‍ഡ് ചെയ്യും.
തിരുവനന്തപുരത്ത് സമീപകാലത്ത് ഇത്രയധികം കുറ്റവാളികള്‍ ഒരിമിച്ച് പോലീസ് പിടിയിലാകുന്നത് ഇതാദ്യമാണ്. 107 പിടികിട്ടാപ്പുള്ളികളെയാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ നടന്ന റെയ്ഡില്‍ തിരുവനന്തപുരം റൂറല്‍ പോലീസ് പിടികൂടിയത്. ഇതില്‍ 94 പേര് വിവിധ കോടതികളില്‍ നിന്ന് വാറന്റ് ഉണ്ടായിട്ടും ഹാജരാകാതെ മുങ്ങിനടന്നവരാണ്. 13 പേര് ഗുണ്ടാ കേസുകളിലടക്കം ഉള്‍പ്പെട്ട് ഒളിവില്‍ പോയവരാണ്. ഇവര്‍ അപകടകാരികളാണെന്നാണ് പോലീസ് പറയുന്നത്.

