ശ്വാസ തടസ പ്രശ്നം : കോവിഡ് ബാധിച്ച ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി

വാഷിങ്ടൺ: കോവിഡ് സ്ഥിരീകരിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി. വാൾട്ടർ റീഡിലെ സൈനിക ആശുപത്രിയിലാണ് ട്രംപിനെ പ്രവേശിപ്പിച്ചത്. വൈറ്റ് ഹൗസിൽനിന്ന് ആശുപത്രിയിലേക്ക് മാറുന്ന വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെയും ഭാര്യ മെലാനിയ ട്രംപിന്റെയും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപ് പറഞ്ഞു. തനിക്ക് മികച്ച പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ട്വിറ്ററിൽ പങ്കുവെച്ച് വീഡിയോയിലൂടെ ട്രംപ് വ്യക്തമാക്കി.
ചെറിയ രോഗലക്ഷണങ്ങളുള്ള ട്രംപിന് ചെറിയ തോതിൽ ശ്വസന പ്രശ്നങ്ങളും അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം ഡോക്ടർമാരുടെ വിലയിരുത്തൽ പ്രകാരം അടുത്ത ഏതാനം ദിവസങ്ങളിൽ വാൾട്ടർ റീഡിലെ പ്രസിഡന്റ് ഓഫീസിലിരുന്ന് ട്രംപ് പ്രവർത്തിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു.

