KSDLIVENEWS

Real news for everyone

കോവാക്‌സിനെ വിമര്‍ശിക്കുന്നത് ഇന്ത്യയില്‍ വികസിപ്പിച്ച വാക്‌സിന്‍ ആയതിനാല്‍ – ഭാരത് ബയോടെക്ക്

SHARE THIS ON

ന്യൂഡൽഹി: രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനെതിരെ ഉയരുന്ന വിമർശങ്ങൾ തള്ളി കോവാക്സിൻ വികസിപ്പിച്ച ഭാരത് ബയോടെക്ക്. ഇന്ത്യൻ കമ്പനികളെ വിമർശിക്കാൻ എല്ലാവർക്കുമുള്ള പ്രവണതയാണ് വിമർശങ്ങൾക്ക് പിന്നിലെന്ന് ഭാരത് ബയോടെക്ക് ചീഫ് മാനേജിങ് ഡയറക്ടർ ഡോ. കൃഷ്ണ എല്ല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
കോവാക്സിനും അതിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതിനും എതിരെ ഉയരുന്ന ആരോപണങ്ങൾ അദ്ദേഹം തള്ളി. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്സിഒ) നിബന്ധനകൾ പ്രകാരമാണ് അനുമതി ലഭിച്ചത്. സിഡിഎസ്സിഒയുടെ മാർഗനിർദ്ദേശങ്ങൾ 2019 ൽ പുറത്തുവന്നതാണ്. സുരക്ഷിതമാണെങ്കിലും ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങൾ ലഭ്യമാണെങ്കിലും വാക്സിന് അനുമതി നൽകാമെന്നാണ് മാർഗനിർദ്ദേശം.
ഇന്ത്യൻ കമ്പനികളെ വിമർശിക്കാനുള്ള പ്രവണതയാണ് കോവാക്സിനോടുള്ള എതിർപ്പിനും പിന്നിൽ. എന്നാൽ ഇന്ത്യക്ക് കണ്ടുപിടിത്തങ്ങൾ നടത്താനാവും. കോപ്പിയടിക്കാൻ മാത്രം അറിയുന്ന രാജ്യമല്ല ഇന്ത്യ. ഇന്ത്യൻ കമ്പനി വികസിപ്പിച്ചു എന്നതിന്റെ പേരിൽ ഇന്ത്യയിൽനിന്നുതന്നെ വിമർശം ഉയരുന്നത് അംഗീകരിക്കാനാവില്ല. ഇന്ത്യൻ കമ്പനികൾക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിമർശം ഉയരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല.

ഭാരത് ബയോടെക്ക് എല്ലാകാര്യങ്ങളും ചട്ടപ്രകാരമാണ് ചെയ്തത്. തങ്ങളുടെ വാക്സിൻ വെള്ളമാണെന്നാണ് ചിലർ വിമർശിച്ചത്. തങ്ങളുടെ ഗവേഷകരെ അത്തരം വിമർശങ്ങൾ വേദനിപ്പിച്ചു. അവർ അർഹിക്കുന്നത് അതല്ല. പലരും അപവാദങ്ങൾ പറഞ്ഞുനടക്കുകയാണ്. മെർക്കിന്റെ എബോള വാക്സിൻ മനുഷ്യരിലുള്ള പരീക്ഷണം പൂർത്തിയാക്കാതെ തന്നെ ലൈബീരിയയിലും ഗിനിയയിലും ഉപയോഗിക്കാനുള്ള അനുമതി ലോകാരോഗ്യ സംഘടന നൽകി.
രോഗപ്രതിരോധത്തിനുള്ള കഴിവുണ്ടെങ്കിലും വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകാമെന്ന് യു.എസ് ഭരണകൂടം പോലും വ്യക്തമാക്കിയതാണ്. ഇന്ത്യയിൽ നടത്തിയ പരീക്ഷണത്തിന്റെ വിവരങ്ങളുടെ അഭാവത്തിലാണ് മറ്റുപല വാക്സിനുകൾക്കും അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേരെടുത്ത് പറയാതെ ഭാരത് ബയോടെക് സിഎംഡി വിമർശമുന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!