KSDLIVENEWS

Real news for everyone

പ്രശ്‌നങ്ങള്‍ പരിഹരിച്ചു, ഐ.എന്‍.ടി.യു.സി പാര്‍ട്ടിയുടെ അഭിവാജ്യ ഘടകം: കെ. സുധാകരന്‍

SHARE THIS ON

ഐ.എന്‍.ടി.യു.സിയുമായുള്ള തര്‍ക്കം പരിഹരിച്ചിട്ടുണ്ടെന്നും ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവിഭാജ്യ ഘടകമാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി കൂടിക്കാഴ്ച്ച നടത്തിയതിനു പിന്നാലെയാണ് കെ.പി.സി.സി പ്രസിഡന്റിന്റെ പ്രതികരണം. വിഷയത്തില്‍ കോട്ടയം ഡി.സി.സി അധ്യക്ഷന്‍ നാട്ടകം സുരേഷിനോട് വിശദീകരണം തേടുമെന്നും സുധാകരന്‍ അറിയിച്ചു.

ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ സ്വന്തമാണെന്ന് സതീശന്‍ പറഞ്ഞിരുന്നതായി സുധാകരന്‍ വ്യക്തമാക്കി. തര്‍ക്കമുണ്ടാക്കിയത് മാധ്യമങ്ങളാണ്, കേരളത്തില്‍ ഐ. എന്‍.ടി.യു.സി പ്രവര്‍ത്തനം മാതൃകാപരമാണെന്നും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും കെ.പി.സി.സി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. കെ വി തോമസുമായി വ്യക്തിപരമായി നല്ല ബന്ധമാണുള്ളതെന്നും സുധാകരന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ഐ.എന്‍.ടി.യു.സി നടത്തിയ പ്രകടനങ്ങള്‍ കെപിസിസി പരിശോധിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. നിലവിലെ തര്‍ക്കം അനാവശ്യമാണെന്നും പ്രശ്നം ആവശ്യമില്ലാതെ നീട്ടി കൊണ്ടു പോകുകയാണെന്നുമായിരുന്നു ശശി തരൂര്‍ എംപിയുടെ പ്രതികരണം. അതേസമയം സമരങ്ങള്‍ വേണ്ടെന്ന് പറയുന്നത് മുതലാളിത്ത ചിന്താഗതിയാണെന്ന വിമര്‍ശനത്തിലൂടെ ഒളിയമ്ബുമായി കെ.വി തോമസും രംഗത്തെത്തിയത് പ്രതിപക്ഷ നേതാവിനെയും കെ.പി.സ.സിയെയും വെട്ടിലാക്കി. ചങ്ങനാശേരിക്ക് പിന്നാലെ കഴക്കൂട്ടത്തും പ്രതിപക്ഷ നേതാവിനെതിരെ ഐ.എന്‍.ടി.യു.സി പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെയാണ് തര്‍ക്കം കെ.പി.സി.സി ഗൗരവത്തിലെടുത്തത്.

പ്രകടനത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി വേണമെന്നാണ് സതീശനെ പിന്തുണയ്ക്കുന്നവരുടെ നിലപാട്. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനകളില്‍ വ്യക്തത വേണമെന്ന് ഐ.എന്‍.ടി.യു.സിയും കെ.പി.സി.സി നേത്യത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന്റെ വാക്കുകള്‍ വിഡി സതീശനുള്ള വിമര്‍ശനമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!