കാസർകോട്, കാഞ്ഞങ്ങാട് ഡിപ്പോകളിൽ നിന്നായി പഴക്കം ചെന്ന 15 കെഎസ്ആർടിസി ബസുകൾ ഒഴിവാക്കി, 70 ട്രിപ്പുകൾ റദ്ദായി

കാസർകോട് ∙ കെഎസ്ആർടിസി കാസർകോട്, കാഞ്ഞങ്ങാട് ഡിപ്പോകളിലെ 14 ബസുകൾ സർവീസ് റദ്ദാക്കി. 15 വർഷം പഴക്കമുള്ള ബസുകൾ പിൻവലിക്കാനുള്ള തീരുമാനം അനുസരിച്ചാണ് ഇവ റദ്ദാക്കിയത്. 2 ഡിപ്പോകളിൽ 15 വർഷം പഴക്കമുള്ള 16 ബസുകളാണുള്ളത്. ഇതിൽ 14 ബസുകളും ഇന്നലെ സർവീസ് നടത്തുന്നതിനിടെയാണു പിൻവലിച്ചത്. ബന്തടുക്ക, ദേളി, ചട്ടഞ്ചാൽ റൂട്ടുകളിൽ സർവീസ് നടത്തുകയായിരുന്ന 7 ബസുകളാണ് കാസർകോട് ഡിപ്പോയിൽ നിന്നു പിൻവലിച്ചത്. മലയോര പ്രദേശങ്ങളിലേക്കു സർവീസ് നടത്തുന്ന 7 ബസുകളാണു കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്നു പിൻവലിച്ചത്. രണ്ടു ഡിപ്പോകളിൽ നിന്നായി എഴുപതോളം ട്രിപ്പ് സർവീസ് റദ്ദായി. ഇത് ജില്ലയിലെ വിവിധ റൂട്ടുകളിൽ യാത്രക്കാർക്കു കനത്ത പ്രഹരമായി. കടുത്ത വേനൽച്ചൂട് സഹിച്ചു മണിക്കൂറുകളോളം കാത്തു നിൽക്കണം ഇനി യാത്രക്കാർക്കു ബസ് കിട്ടാൻ. അല്ലെങ്കിൽ മറ്റു വാഹനങ്ങളെ ആശ്രയിക്കണം. ഉള്ള ബസുകളിൽ തിക്കും തിരക്കും കാരണമുള്ള ദുരിതം കൂടി അനുഭവിക്കേണ്ടി വരും. പകരം ബസുകൾ എത്തിയിട്ടുമില്ല. അത് ഉടനെ ഉണ്ടാകുന്നതിനു സാധ്യത കുറവുമാണ്. ജില്ലയിൽ പല ഭാഗങ്ങളിലേക്കുമുള്ള ട്രിപ്പുകൾ വെട്ടിച്ചുരുക്കാൻ ഇത് ഇടയാക്കും. യാത്രക്കാരും വരുമാനവും കുറവായ സമയങ്ങളിൽ വിവിധ റൂട്ടുകളിൽ സർവീസുകൾ റദ്ദാക്കിയേക്കും. പൊതു അവധി ദിനങ്ങളിലും സർവീസ് കട്ട് ചെയ്യാനാണു സാധ്യത.

