KSDLIVENEWS

Real news for everyone

ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വെച്ച് സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ റിമാണ്ടില്‍ കഴിയുന്ന മൂന്ന് യുവതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; പ്രതികളുടെ പേരും വിലാസവും വ്യാജം

SHARE THIS ON

കാസര്‍കോട്: സ്ത്രീകളുടെ ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ റിമാണ്ടില്‍ കഴിയുന്ന മൂന്ന് യുവതികളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. നിഷ(25), പാര്‍വതി(28), കല്യാണി(38) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി ഹൊസ്ദുര്‍ഗ് പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകോടുത്തത്. കാസര്‍കോട് ജില്ലയില്‍ ഹൊസ്ദുര്‍ഗ്, ആദൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ചാക്കേസുകളില്‍ പ്രതികളാണ് മൂന്നുപേരും. തലശേരി പൊലീസ് സ്റ്റേഷനിലും ഇവര്‍ക്കെതിരെ കേസുണ്ട്. ഒരുമാസം മുമ്പാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യുവതികള്‍ തലശേരി പൊലീസിന്റെ പിടിയിലായത്. തമിഴ്നാട്ടിലെ തൂത്തുക്കുടിയെന്നായിരുന്നു ഇവര്‍ തലശേരി പൊലീസിന് നല്‍കിയ വിലാസം. ചോദ്യം ചെയ്യലില്‍ ഇവര്‍ കാഞ്ഞങ്ങാട്ടും ആദൂരിലും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി വ്യക്തമായി. തുടര്‍ന്നാണ് ഹൊസ്ദുര്‍ഗ് പൊലീസും ആദൂര്‍ പൊലീസും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൊസ്ദുര്‍ഗ് എസ്.ഐ കെ.പി സതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ തേടി കഴിഞ്ഞ ദിവസം തൂത്തുക്കുടിയില്‍ ചെന്നപ്പോള്‍ യുവതികള്‍ നല്‍കിയ പേരും വിലാസവും വ്യാജമാണെന്ന് തെളിഞ്ഞു. കാഞ്ഞങ്ങാട് ഗാര്‍ഡര്‍ വളപ്പിലെ ഭാസ്‌കരന്റെ ഭാര്യ രോഹിണിയുടെ നാലേമുക്കാല്‍ പവന്റെ സ്വര്‍ണമാല, കിഴക്കുംകരയിലെ അമ്പൂഞ്ഞിയുടെ ഭാര്യ സി.കെ രോഹിണിയുടെ മൂന്നരപവന്‍ മാല എന്നിവ തട്ടിയെടുത്ത കേസില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് ഹൊസ്ദുര്‍ഗ് പൊലീസ് തൂത്തുക്കുടിയിലേക്ക് പോയത്. രണ്ടുമാസം മുമ്പാണ് കാഞ്ഞങ്ങാട്ട് രണ്ട് സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടത്. ഹൊസ്ദുര്‍ഗ് പൊലീസ് അറിയിച്ച മൂന്ന് സ്ത്രീകള്‍ തൂത്തുക്കുടിയില്‍ ഇല്ലെന്നാണ് പ്രദേശവാസികള്‍ അറിയിച്ചത്. ഇതേ തുടര്‍ന്ന് പൊലീസ് സംഘം കാഞ്ഞങ്ങാട്ടേക്ക് തിരിച്ചുവരികയായിരുന്നു. പ്രതികളുടെ ശരിയായ പേരും വിലാസവും കണ്ടെത്തുന്നതിന് കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് കോടതിയെ സമീപിക്കുകയായിരുന്നു. സ്വകാര്യ ബസ് യാത്രക്കിടെ ഹരിപുരം വിഷ്ണുമംഗലത്തെ കുഞ്ഞിരാമന്റെ ഭാര്യ എം. ശ്യാമളയുടെ സ്വര്‍ണാഭരണം കവര്‍ന്ന കേസിലും യുവതികളെ ചോദ്യം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!