ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം: ഗൗരവമുള്ളതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: മണ്ണന്തലയില്‍ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ 17 വയസ്സുകാരന്റെ കൈപ്പത്തി നഷ്ടമാവുകയും കൂടെയുണ്ടായിരുന്നവർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവം ഗൗരവമായി കാണണമെന്ന് വെല്‍ഫെയർ പാർട്ടി തിരുവനന്തപുരം ജില്ല പ്രസിഡന്റ് അഷറഫ് കല്ലറ. നഗര മധ്യത്തില്‍ നടന്ന ഇത്തരത്തിലുള്ള ഒരു സ്ഫോടനം പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണ്. സാമൂഹിക വിരുദ്ധർക്കും ഗുണ്ടകള്‍ക്കും അഴിഞ്ഞാടാൻ ഇടയാകുന്ന സാഹചര്യം ലോക്സഭ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കിയേക്കും. പൊലീസും രഹസ്യാന്വേഷണ വിഭാഗവും കൂടുതല്‍ കാര്യക്ഷമമായി പ്രവർത്തിക്കണം. ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയും പരിഗണനയും പൊതുജനത്തിന്റെ ജീവിതം അപകടകാരമാംവിധം സുരക്ഷ പ്രശ്നം വർധിക്കുന്നതില്‍ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

