പ്രതിപക്ഷ സ്ഥാനത്ത് രമേശ് ചെന്നിത്തല തുടര്‍ന്നേക്കുമെന്ന് സൂചന; ഹൈക്കമാന്‍ഡ് റിപ്പോര്‍ട്ട് തേടി

ന്യൂഡൽഹി:കേരളത്തിലെ തോൽവിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് റിപ്പോർട്ട് തേടി. കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവറിനോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളത്തിലെ തോൽവി അപ്രതീക്ഷിതമെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് താരിഖ് അൻവറിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. നാലുദിവസത്തിനകം റിപ്പോർട്ട് കൈമാറും.
അതേസമയം പ്രതിപക്ഷ സ്ഥാനത്ത് രമേശ് ചെന്നിത്തല തുടരുമെന്നാണ് സൂചന. തുടരാൻ ചെന്നിത്തല തീരുമാനിച്ചാൽ എതിർക്കേണ്ടെന്നാണ് ഹൈക്കമാൻഡിന്റെ പൊതുധാരണ. 2016-ൽ തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് ഉമ്മൻചാണ്ടി പ്രതിപക്ഷ സ്ഥാനത്തേക്ക് ഉണ്ടാകില്ലെന്ന് പറയാനുണ്ടായ സാഹചര്യവും നിലവിലെ സാഹചര്യവും വ്യത്യസ്തമാണെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തുന്നത്.
2016-ൽ ജയിച്ചുവന്ന എംഎൽഎമാരിൽ ഭൂരിഭാഗവും ഐഗ്രൂപ്പുകാരായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഗ്രൂപ്പ് അവകാശവാദമുന്നയിക്കാതിരുന്നത്. ഇത്തവണയും ഐഗ്രൂപ്പിന് തന്നെയാണ് മേൽക്കൈ. തന്നെയുമല്ല പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല മികച്ച പ്രവർത്തനമാണ് കാഴ്ച വെച്ചതെന്നും ഹൈക്കമാൻഡ് വിലയിരുത്തുന്നു. അദ്ദേഹത്തിന്റെ ആരോപണങ്ങളെല്ലാം സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ ഘട്ടത്തിൽ അദ്ദേഹത്തോട് മാറിനിൽക്കണമെന്ന് പറയാൻ ഹൈക്കമാൻഡിന് സാധിക്കില്ലെന്ന നിലയിലാണ് ലഭിക്കുന്ന വിവരം.
അതേസമയം കെ.പി.സി.സി.യിലെ നേതൃമാറ്റം സംബന്ധിച്ച് തീരുമാനമെടുക്കുക താരിഖ് അൻവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. നിലവിൽ ആരോടും രാജിവെക്കാൻ ആവശ്യപ്പെടില്ല. എന്നാൽ ആരെങ്കിലും സ്വയം സന്നദ്ധരായാൽ അത് അംഗീകരിക്കാനും സാധ്യതയുണ്ട്

