പത്രസ്വാതന്ത്ര്യസൂചികയിൽ ഇന്ത്യ 161-ാം സ്ഥാനത്ത്

പാരീസ്: ഇക്കൊല്ലത്തെ ലോക പത്രസ്വാതന്ത്ര്യസൂചികയിൽ ഇന്ത്യ 161-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 180 രാജ്യങ്ങളുടെ പട്ടികയിൽ കഴിഞ്ഞവർഷം 150-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഫ്രാൻസിലെ പാരീസ് ആസ്ഥാനമായുള്ള സ്വതന്ത്ര മാധ്യമനിരീക്ഷണക്കൂട്ടായ്മയായ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സാണ് (ആർ.എസ്.എഫ്.) വർഷാവർഷം ഈ പട്ടിക തയ്യാറാക്കുന്നത്. കഴിഞ്ഞവർഷം 157-ാമതായിരുന്ന പാകിസ്താൻ നിലമെച്ചപ്പെടുത്തി 150-ാമതെത്തി. അഫ്ഗാനിസ്താനെക്കാൾ 11 സ്ഥാനം പിന്നിലാണ് ഇന്ത്യ. ശ്രീലങ്ക 146-ാം സ്ഥാനത്തുനിന്ന് 135-ാമതായി. നോർവേയാണ് പട്ടികയിൽ ഒന്നാമത്. അയർലൻഡ്, ഡെന്മാർക്ക് എന്നിവയ്ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ. വിയറ്റ്‌നാം (178), ചൈന (179), ഉത്തരകൊറിയ (180) എന്നിവയാണ് അവസാന മൂന്നുസ്ഥാനങ്ങളിൽ. 180 രാജ്യങ്ങളിലെ മാധ്യമപ്രവർത്തകരും മാധ്യമങ്ങളും എത്രത്തോളം പത്രസ്വാതന്ത്ര്യം അനുഭവിക്കുന്നുവെന്ന് താരതമ്യപ്പെടുത്താനാണ് ആർ.എസ്.എഫ്. ഓരോവർഷവും സൂചികയിറക്കുന്നത്. രാഷ്ട്രീയവും സാമ്പത്തികവും നിയമപരവും സാമൂഹികമായ ഇടപെടലുകളില്ലാതെയും ഭീഷണികൾകൂടാതെയും പൊതുജനതാത്പര്യാർഥം വാർത്തകൾ തിരഞ്ഞെടുക്കാനും പരിപാടികൾ നിർമിക്കാനും വിതരണംചെയ്യാനും മാധ്യമപ്രവർത്തകർക്ക് സാധിക്കുന്നതിനെയാണ് പത്രസ്വാതന്ത്ര്യമായി ആർ.എസ്.എഫ്. കണക്കാക്കുന്നത്

