ദൗര്‍ഭാഗ്യകരം, ഒരുജീവന് പകരം മറ്റൊരു ജീവനല്ല-ആതിരയുടെ സഹോദരീഭര്‍ത്താവ് ആശിഷ്ദാസ് ഐ.എ.എസ്

കോട്ടയം: സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കിയ കേസിലെ പ്രതി തൂങ്ങിമരിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് യുവതിയുടെ സഹോദരീഭര്‍ത്താവും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ആശിഷ് ദാസ്. ഒരുജീവന് പകരം ഒരിക്കും മറ്റൊരു ജീവനല്ലെന്നും നിയമപരമായി ലഭിക്കാവുന്ന പരമാവധിശിക്ഷ അയാള്‍ക്ക് ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ”സംഭവം ദൗര്‍ഭാഗ്യകരമാണ്. ഒരുജീവന് പകരം ഒരിക്കലും മറ്റൊരു ജീവനല്ല. നിയമപരമായി ലഭിക്കാവുന്ന പരമാവധി ശിക്ഷ അയാള്‍ക്ക് ലഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മരണം തികച്ചും അപ്രതീക്ഷിതമായി. അനുശോചിക്കുന്നു.”- ആശിഷ്ദാസ് പറഞ്ഞു. ആതിരയുടെ കേസിലെ പ്രതിയായ അരുണ്‍ വിദ്യാധരനെ ഇതുവരെ താന്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ലെന്നും ആശിഷ് ദാസ് വ്യക്തമാക്കി. അയാളുമായി സംസാരിക്കുമോ എന്ന് ചോദിച്ച് ഞായറാഴ്ച രാത്രി ആതിര അവസാനമായി സന്ദേശം അയച്ചിരുന്നു. എന്നാല്‍ അയാളുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും ആതിരയുടെ കേസില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

