KSDLIVENEWS

Real news for everyone

ആയുധം പാമ്പ്, കേരളം ഞെട്ടിയ ദാരുണകൊല; ഉത്ര വധക്കേസില്‍ വിധി 11-ന്

SHARE THIS ON

കൊല്ലം: കേരളത്തെ ഞെട്ടിച്ച അഞ്ചൽ ഉത്ര വധക്കേസിൽ ഒക്ടോബർ 11-ന് കോടതി വിധി പറയും. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവം നടത്തുക. ഉത്രയെ ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സൂരജ് മാത്രമാണ് കൊലക്കേസിലെ പ്രതി. സൂരജിന് പാമ്പിനെ നൽകിയ സുരേഷിനെ കേസിൽ മാപ്പ് സാക്ഷിയാക്കിയിരുന്നു.

2020 മെയ് ഏഴാം തീയതിയാണ് ഉത്രയെ അഞ്ചലിലെ വീട്ടിൽ പാമ്പ് കടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവം കൊലപാതകമാണെന്നും കുടുംബത്തിന് തുടക്കംമുതലേ സംശയമുണ്ടായിരുന്നു. ഇതോടെ ഭർത്താവ് സൂരജിനെതിരേ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. കൊലപാതകമാണെന്ന് തെളിഞ്ഞതോടെ സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തു.

സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി വിവാഹംചെയ്ത സൂരജ് ഭിന്നശേഷിക്കാരിയായ ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കുറ്റപത്രം. സൂരജ് അറസ്റ്റിലായി 82-ാം ദിനത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്.

ഡമ്മി പരീക്ഷണം ഉൾപ്പെടെയുള്ള ശാസ്ത്രീയമായ രീതികളിലൂടെയായിരുന്നു അന്വേഷണം. ഉത്രയുടെ ഡമ്മിയിൽ കോഴിമാംസം കെട്ടിവെച്ച് പാമ്പിനെ കൊണ്ട് കടിപ്പിച്ച് പരീക്ഷണവും നടത്തി.

കൊലപാതകരീതിയും അതിനുവേണ്ടി നടത്തിയ ആസൂത്രണവും ഉത്ര വധക്കേസിനെ അപൂർവങ്ങളിൽ അപൂർവമാക്കുന്നെന്ന് കുറ്റപത്രത്തിലുണ്ട്. ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ജീവിതത്തിൽനിന്ന് ഒഴിവാക്കാനും അവരുടെ കുടുംബത്തിൽനിന്നുള്ള സാമ്പത്തികനേട്ടം തുടർന്നും ലഭിക്കാനും ആസൂത്രിതമായി കൊലപാതകം നടത്തി, ജീവനുള്ള വസ്തുവിനെ ആയുധമാക്കി കൊലനടത്തൽ, സ്വാഭാവിക പാമ്പുകടിയേറ്റുള്ള മരണമായി ചിത്രീകരിക്കാനുള്ള ഗൂഢാലോചന എന്നിവയും കേസിനെ അപൂർവങ്ങളിൽ അപൂർവമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!