KSDLIVENEWS

Real news for everyone

കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടിയായി മാറി, നേരിട്ടത് രാഷ്ട്രീയവും സംഘടനാപരവുമായ പരാജയം- എം.വി ഗോവിന്ദൻ

SHARE THIS ON

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പ്രതികരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കോണ്‍ഗ്രസിന്റെ പരാജയം സംഘടനാപരവും രാഷ്ട്രീയവുമാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികളുടെ തലത്തിലേക്ക് മാറിയെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ബി.ജെ.പിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയ സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ് പരാജയപ്പെട്ടു. അത് ഗുജറാത്ത് മുതല്‍ തുടരുന്ന കാര്യമാണ്. ഇവിടെ രാഷ്ട്രീയവും സംഘടനാപരവുമായ പരാജയമാണ് കോണ്‍ഗ്രസ് നേരിട്ടത്. ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിന് ആകെയുള്ള സംസ്ഥാനം ഹിമാചല്‍ പ്രദേശാണ്. പ്രാദേശിക പാര്‍ട്ടികളുടെ തലത്തിലേക്ക് കോണ്‍ഗ്രസ് മാറിയിരിക്കുന്നു എന്ന് ഞാന്‍ പ്രത്യേകം പറയേണ്ട കാര്യമില്ല. മൂന്ന് സംസ്ഥാന സര്‍ക്കാരുകള്‍ മാത്രമാണ് ഇന്നിപ്പോള്‍ ഇന്ത്യയില്‍ കോണ്‍ഗ്രസിനുള്ളത്, എം.വി. ഗോവിന്ദന്‍ പറഞ്ഞു. തെലങ്കാനയെ പറ്റി ഞാന്‍ പ്രവചിക്കാനില്ല. ഇപ്പോള്‍ തന്നെ എം.എല്‍.എമാരെയും കൊണ്ടുള്ള നെട്ടോട്ടം ആരംഭിച്ചുവെന്ന് വാര്‍ത്തകളില്‍ കാണുന്നുണ്ട്. സംരക്ഷിച്ചുനിര്‍ത്താന്‍ കഴിയട്ടെ എന്ന് തന്നെയാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൂക്ഷ്മമായി പരിശോധിച്ചാല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയമായ മുദ്രാവാക്യം മുന്നോട്ടുവയ്ക്കാനാകുന്നില്ല. കാരണം, ബി.ജെ.പി. അവരുടെ സാമ്പത്തിക നയങ്ങളോ വികസനമോ രാഷ്ട്രീയമോ ഒന്നും ചര്‍ച്ചചെയ്യാതെ തികഞ്ഞ വര്‍ഗീയതയിലേക്ക് നീങ്ങിയപ്പൊൾ ആഗോളവത്കരണ സാമ്പത്തിക നിലപാടിന്റെ ഭാഗമായി ജനങ്ങള്‍ക്കുണ്ടായ ദുരിതവും ഇന്നേവരെ ഇല്ലാത്ത രീതിയിലുള്ള തൊഴിലില്ലായ്മയും അതുപോലെ ജീവിതദുരന്തങ്ങളും ഒന്നും പ്രതിഫലിപ്പിക്കത്തക്ക രീതിയിലുള്ള ഒരു മുദ്രാവാക്യവും മുന്നോട്ട് വെക്കാന്‍ കോണ്‍ഗ്രസിനായില്ല. ജനാധിപത്യ സംവിധാനത്തെ മുഴുവന്‍ തകര്‍ക്കുന്ന ഹിന്ദുത്വ അജണ്ടയിലേക്ക് കാര്യങ്ങള്‍ നീക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി. മുദ്രാവാക്യം ഫലപ്രദമായി എതിര്‍ക്കുന്നതിനുള്ള ബദല്‍ നയം മുന്നോട്ട് വെക്കാനും കഴിഞ്ഞില്ലെന്നും ഗോവിന്ദൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!