കൈക്കോടാലി കൊണ്ട് വാഹനത്തിന്റെ ചില്ല് തകര്‍ത്തു; ആലപ്പുഴയില്‍ ശബരിമല തീര്‍ഥാടക സംഘത്തിന് നേരെ ആക്രമണം

ആലപ്പുഴ: കളര്‍കോട് ശബരിമല തീര്‍ഥാടക സംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണം. മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ചില്ല് അടിച്ചുതകര്‍ത്തു.തീര്‍ഥാടക സംഘത്തിലുണ്ടായിരുന്ന ഒമ്ബതുവയസുകാരിക്ക് പരിക്കേറ്റു. കുട്ടിയുടെ കൈക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പത്തുമണിയോടുകൂടിയാണ് സംഭവം.
ആക്രമണത്തിന്റെ ദൃശ്യങ്ങളില്‍ പ്രതിയുടെ മുഖം വ്യക്തമായി കാണാം. ഇയാളെ തിരിച്ചറിഞ്ഞതായി ആലപ്പുഴ സൗത്ത് പൊലീസ് പറഞ്ഞു. കളര്‍കോടിന് സമീപം ഭക്ഷണം കഴിക്കാനായി വാഹനം നിര്‍ത്തിയതായിരുന്നു തീര്‍ഥാടക സംഘം. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന ഒമ്ബതുവയസുകാരിയായ പെണ്‍കുട്ടി ഒരു ബൈക്കില്‍ ചാരി നിന്നു.
പിന്നീട് ബൈക്കുടമ എത്തി കുട്ടിയോട് മാറി നില്ക്കാന് ആവശ്യപ്പെടുകയും ഒപ്പമുണ്ടായിരുന്ന ആളോട് തര്‍ക്കിക്കുകയുമായിരുന്നു. അതിനിടെ ഇയാള്‍ കുട്ടിയെ പെണ്‍കുട്ടിയെ ബലമായി പിടിച്ചുമാറ്റി. അങ്ങനെയാണ് കുട്ടിയുടെ കൈക്ക് പരിക്കേറ്റത്. ഇതേതുടര്‍ന്ന് ഇയാള്‍ സംഘത്തിലെ മറ്റുള്ളവരുമായി വാക്കേറ്റമുണ്ടാവുകയും കയ്യില്‍ കരുതിയിരുന്ന കൈ കോടാലി ഉപയോഗിച്ച് വാഹനത്തിന്റെ ചില്ല് അടിച്ചുതകര്‍ത്തു. സംഭവത്തില്‍ ഇരവുകാട് സ്വദേശി വിഷ്ണുവാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി ആലപ്പുഴ സൗത്ത് പൊലീസ് വ്യക്തമാക്കി.

