KSDLIVENEWS

Real news for everyone

മുകേഷ് അംബാനിയുടെ വീടിന് സമീപം കണ്ടെത്തിയ സ്ഫോടകവസ്തു നിറച്ച കാറിന്റെ ഉടമ മരിച്ച നിലയിൽ ; ആത്മഹത്യചെയ്തതെന്ന് പ്രാഥമിക നിഗമനം

SHARE THIS ON

മുംബായ്: റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറിന്റെ ഉടമ മരിച്ച നിലയില്‍. താനെ സ്വദേശിയായ മന്‍സുഖ് ഹിരണിന്റെ മൃതദേഹം മുംബായ് നഗരത്തിന് സമീപമുളള താനെ ക്രീക്ക് എന്ന ചെറുഉള്‍ക്കടലില്‍ നിന്നാണ് കണ്ടെടുത്തത്. മന്‍സുഖ് ആത്മഹത്യ ചെയ്തതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മന്‍സുഖിന്റെ മൃതദേഹം താനെ ക്രീക്കില്‍ നിന്നാണ് കണ്ടെത്തിയത്. മൃതദേഹത്തല്‍ മുറിവുകളൊന്നും ഇല്ലെന്നും പോസ്‌മോര്‍ട്ടം നടത്തിയെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് നിയമസഭയില്‍ പറഞ്ഞു. അതേസമയം മന്‍സുഖ് ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.അദ്ദേഹം കുട്ടികളെ നീന്തല്‍ പഠിപ്പിച്ചിരുന്നതായി അയല്‍ക്കാര്‍ ദേശീയ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

ഫെബ്രുവരി 25നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട സ്‌കോര്‍പിയോ വാഹനത്തില്‍ നിന്നും ജെലാറ്റിന്‍ സ്റ്റിക്കുകളും അംബാനി കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന കത്തും കണ്ടെടുത്തത്. പിന്നാലെ കാറിന്റെ ആര്‍.സി ഓണര്‍ ആയ മന്‍സുഖ് ഹിരണെ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

മുംബൈ പൊലീസിന് മന്‍സുഖ് ഹിരണ്‍ നല്‍കിയ മൊഴി അനുസരിച്ച്‌ ഒരു വര്‍ഷത്തിലേറെയായി കാര്‍ ഉപയോഗിക്കാറില്ലായിരുന്നു. വാഹനം വില്‍ക്കേണ്ട ആവശ്യം വന്നപ്പോഴാണ് വാഹനം വീണ്ടും ഓടിക്കേണ്ടി വന്നത്. ഫെബ്രുവരി 16ന് റോഡില്‍ പാര്‍ക്ക് ചെയ്ത വാഹനം പിന്നീട് മോഷ്ടിക്കപ്പെട്ടുവെന്നും, അന്ന് തന്നെ വാഹനം മോഷ്ടിക്കപ്പെട്ട വിവരം കാണിച്ച്‌ പൊലീസില്‍ പരാതി നല്‍കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!