സൗജന്യ യാത്രാസമരം മണ്ടത്തരമെന്ന് ബിജെപി കോർകമ്മിറ്റിയിൽ വിമർശനം; പിസിക്കും വിമർശനം

തിരുവനന്തപുരം: കെഎസ്ആർടിസി സൗജന്യ യാത്ര നടപ്പാക്കിയില്ലെന്ന മഹിളാ മോർച്ചയുടെ സമരം മണ്ടത്തരമെന്ന് ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വിമർശം. സർക്കാർ അധികാരമേൽക്കും മുൻപ് നടന്ന ഈ സമരം മണ്ടത്തരമെന്നാണ് വിമർശനം.
സമര തീരുമാനമെടുത്തതിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷിനെ ഉന്നമിട്ടായിരുന്നു കോർ കമ്മിറ്റിയിൽ വിമർശനമുയർന്നത്.കെ സുരേന്ദ്രൻ, വി മുരളീധരൻ, പിസി ജോർജ്, പത്മജ വേണുഗോപാൽ അടക്കമുള്ളവർ വിമർശനം ഉന്നയിച്ചു. എന്നാൽ, രാജീവ് ചന്ദ്രശേഖർ സമരത്തെക്കുറിച്ച് അജ്ഞത പ്രകടിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ വേണ്ടത്ര ഏകോപനം ഉണ്ടായില്ലെന്നും കോർ കമ്മിറ്റിയിൽ നേതൃത്വത്തിന് വിമർശനം ഉയർന്നു.
മണ്ഡലങ്ങളിൽ ഇൻചാർജുമാരെ നിയോഗിച്ചില്ല. പതിനഞ്ച് സീറ്റെങ്കിലും വിജയിക്കാമായിരുന്നു. 2016-ലെ ക്കാൾ വോട്ട് ശതമാനം കുറഞ്ഞു. എന്നിട്ടും ബിജെപി കേരളം ഔദ്യോഗിക പേജിൽ 16 ശതമാനത്തിലധികം വോട്ട് നേടിയെന്ന് തെറ്റായ വിവരം പങ്കുവെച്ചു. നാദാപുരം, വടകര മണ്ഡലങ്ങളിൽ പാർട്ടി ചുമതലയുള്ളവർ വിമതന്മാരായി. ജില്ലാ പ്രസിഡന്റുമാർ സംസ്ഥാന ജനറൽ സെക്രട്ടറിയെ അറിയിച്ചിട്ടും നടപടി എടുത്തില്ലെന്ന് വിമർശനം. എന്നാൽ ഞാനറിഞ്ഞിരുന്നില്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിൻ്റെ മറുപടി. നേമത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ 22,000 വോട്ടിന്റെ ലീഡ് രാജീവ് ചന്ദ്രശേഖരൻ ഉണ്ടായിരുന്നു. അത് ഇത്തവണ 4000 വോട്ടായി കുറഞ്ഞു. വിജയിച്ച ചാത്തന്നൂരും കഴക്കൂട്ടവും രണ്ടുപേരും വർഷങ്ങളായി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മണ്ഡലം എന്ന് കമ്മിറ്റിയിൽ വിലയിരുത്തൽ.
സീറ്റുകൾ വീതം വെച്ചതിലും പാളിച്ചയുണ്ടായി. ട്വന്റി 20ക്ക് സീറ്റുകൾ നൽകിയത് പാർട്ടിയിൽ വേണ്ടത്ര കൂടിയാലോചന നടത്താതെയാണ്. കൊടുങ്ങല്ലൂരും തൃപ്പൂണിത്തറയും പോലുള്ള ശക്തിമണ്ഡലങ്ങൾ ട്വന്റി 20ക്ക് നൽകിയതിലും വിമർശനം ഉണ്ടായി. എം.ടി. രമേശും സി.കെ. പത്മനാഭനുമാണ് വിമർശിച്ചത്.
ക്രിസ്ത്യൻ ഔട്ട് റീച്ച് പാളിയെന്ന് ചൂണ്ടിക്കാട്ടി പി.സി. ജോർജിനും കോർ കമ്മിറ്റിയിൽ വിമർശനമുയർന്നു. ക്രിസ്ത്യൻ ഔട്ട്റീച്ചിൻ്റെ പ്രചരണം ഏറ്റെടുത്തവർ വിമർശകരായി മാറിയെന്ന് കുറ്റപ്പെടുത്തൽ. ക്രൈസ്തവ സഭകൾക്കെതിരെ രംഗത്തിറങ്ങി ആക്രമിച്ചത് തിരിച്ചടിയായി എന്നും കമ്മിറ്റിയിൽ വിലയിരുത്തലുണ്ടായി.
തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ ഒരു മണ്ഡലം കേന്ദ്രീകരിച്ച് മത്സരിക്കാത്തതിലും വിമർശനമുയർന്നു. ഉപതിരഞ്ഞെടുപ്പിലെ വോട്ടുമായി ഇത്തവണത്തെ പാലക്കാട്ടെ പ്രകടനത്തെ താരതമ്യം ചെയ്യരുത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുമായി വേണം ശോഭയുടെ പ്രകടനം താരതമ്യം ചെയ്യാൻ എന്നും അഭിപ്രായം ഉയർന്നു.
ബിജെപിയുടെ പാർലമെൻ്ററി പാർട്ടി നേതാവുമായി ബന്ധപ്പെട്ട് കോർ കമ്മിറ്റി ചർച്ച ചെയ്തില്ല. കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്നും അവലോകനം മാത്രമാണ് ഇന്ന് നടന്നതെന്നും ബിജെപി നേതൃത്വം അറിയിച്ചു.

