ഇനി ഒരു ചായ കുടിച്ചിട്ട് പോകാം; വാരാണസിയിലെ ചായക്കടയില്‍ നരേന്ദ്രമോദി

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്വന്തം ലോക്സഭാ മണ്ഡലമായ വാരാണസിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞദിവസം നഗരത്തില്‍ മൂന്നു കിലോമീറ്റര്‍ നീണ്ട റോഡ് ഷോയിലാണ് തിരക്കുകള്‍ക്കിടയിലും മോദി പങ്കെടുത്തത്. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ റാലി.
റാലിക്കിടെ കുല്ഹാറിലെ കടയില്‍ ഒരു കപ്പ് ചായ ആസ്വദിക്കുന്ന മോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. പ്രാദേശിക നേതാക്കള്‍ക്കൊപ്പമാണ് മോദി ചായ നുണഞ്ഞത്. മോദി… മോദി, ജയ് ശ്രീരാം, ഹര് ഹര് മഹാദേവ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ക്കിടെയാണ് മോദി ചായക്കടയിലെത്തിയത്.
ചായ കുടിച്ച ശേഷം കടക്കാരന്റെ തലയില്‍ കൈവച്ച് അഭിനന്ദിച്ച ശേഷമാണ് മോദി മടങ്ങിയത്. മോദി കടയിലെത്തിയതില് അങ്ങേയറ്റം സന്തോഷമുണ്ടെന്ന് കടയുടമ മനോജ് പ്രതികരിച്ചു.
‘അതിയായ സന്തോഷം തോന്നുന്നു. പ്രധാനമന്ത്രി മോദി ഞങ്ങള്‍ക്കൊരു എന്‍വലപ്പ് തന്നു. അത് എന്റെ അച്ഛന് കൊടുത്തിട്ടുണ്ട്. ജോര്‍ജ് ഫെര്‍ണാണ്ടസ്, രാജ്നാഥ് സിങ് തുടങ്ങിയ ഒരുപാട് നേതാക്കള്‍ ഞങ്ങളുടെ ചായക്കടയിലെത്തിയിട്ടുണ്ട്’ – മനോജ് എഎന്‍ഐ യുപിയോട് പറഞ്ഞു.
കന്റോണ്‍മെന്റ്, വാരാണസി നോര്‍ത്ത്, വാരാണസി സൗത്ത് എന്നീ നിയമസഭാ മണ്ഡലങ്ങളിലൂടെയായിരുന്നു മോദിയുടെ റോഡ് ഷോ. കെട്ടിടത്തിന്റെ ബാല്‍ക്കണികളിലും മേല്‍ക്കൂരയിലും നിന്നാണ് ജനം പ്രധാനമന്ത്രിയുടെ റാലിയെ വരവേറ്റത്. യുപിയിലെ ഏഴാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായാണ് മോദിയുടെ വാരാണസി സന്ദര്‍ശനം.
അതിനിടെ, സംസ്ഥാനത്തെ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും. മാര്‍ച്ച് ഏഴിനാണ് വോട്ടെടുപ്പ്. പത്തിനാണ് വോട്ടെണ്ണല്‍.

