KSDLIVENEWS

Real news for everyone

നിയമസഭാ തിരഞ്ഞെടുപ്പ്: പോലീസ് വിന്യാസം പൂര്‍ത്തിയായി; അതിര്‍ത്തികളില്‍ കര്‍ശന പരിശോധന

SHARE THIS ON

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഉൾപ്രദേശങ്ങളിൽ ജനങ്ങൾ കൂട്ടംകൂടുന്നത് തടയുന്നതിനും മറ്റ് അക്രമസംഭവങ്ങൾ കണ്ടെത്തുന്നതിനും രാവിലെ മുതൽ തന്നെ ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തും. ഇതിന്റെ ദൃശ്യങ്ങൾ അപ്പപ്പോൾ പട്രോളിംഗ് ടീമിനും പോലീസ് ആസ്ഥാനത്തെ ഇലക്ഷൻ കൺട്രോൾ റൂമിനും ലഭ്യമാക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മദ്യം കടത്തൽ, കള്ളക്കടത്ത് മുതലായവ തടയുന്നതിനും മറ്റുമായി 152 അതിർത്തി കേന്ദ്രങ്ങളിൽ പ്രത്യേക പരിശോധനയും നിരീക്ഷണവും തുടങ്ങി. ഏത് അടിയന്തര സാഹചര്യവും നേരിടാനായി 95 കമ്പനി പോലീസ് സേന സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ ആവശ്യമായ സ്ഥലങ്ങളിൽ കേന്ദ്ര സേനയുടെ സേവനവും വിനിയോഗിക്കും. പോളിംഗ് ബൂത്തുകൾ സ്ഥിതിചെയ്യുന്ന 13,830 സ്ഥലങ്ങളെ ബന്ധിപ്പിച്ച് 1694 ഗ്രൂപ്പ് പട്രോൾ ടീമുകളുണ്ട്. എട്ടോ പത്തോ സ്ഥലങ്ങളിലുള്ള പോളിംഗ് ബൂത്തുകൾ പരമാവധി 15 മിനിറ്റിനുള്ളിൽ ഒരു ടീമിന് ചുറ്റിവരാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണം. ഓരോ ടീമിലും ഒരു വീഡിയോഗ്രാഫറും ഉണ്ടായിരിക്കും. കൂടാതെ ഓരോ പോലീസ് സ്റ്റേഷനും കേന്ദ്രീകരിച്ച് കേന്ദ്രസേനാംഗങ്ങൾ ഉൾപ്പെട്ട ഒരു ലോ ആന്റ് ഓർഡർ പട്രോൾ ടീം, ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഓരോ ഇലക്ഷൻ സബ്ബ് ഡിവിഷനിലും പ്രത്യേക പട്രോൾ ടീം എന്നിവയും ക്രമസമാധാനപാലനത്തിന് ഉണ്ടായിരിക്കും. നക്സൽ ബാധിതപ്രദേശങ്ങളിൽ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും തണ്ടർബോൾട്ടും തികഞ്ഞ ജാഗ്രതയിലാണ്. ഈ പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകൾക്കും പോളിംഗ് ബൂത്തുകൾക്കും പ്രത്യേക സംരക്ഷണവും ഉറപ്പാക്കിയിട്ടുണ്ടെന്നും പോലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!