കാവല്‍ പ്രധാനമന്ത്രി; മുന്‍ ചീഫ് ജസ്റ്റിസിനെ നിര്‍ദേശിച്ച് ഇമ്രാന്‍

ഇസ്ലാമാബാദ് രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന പാകിസ്ഥാനില് കാവല്‍ പ്രധാനമന്ത്രിയായി മുന്‍ ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദിന്റെ പേര് നിര്ദേശിച്ച് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.പേര് നിര്‍ദേശിക്കാന്‍ പ്രസിഡന്റ് ആരിഫ് അല്‍വി ആവശ്യപ്പെട്ട പ്രകാരമാണിത്. കാവല് പ്രധാനമന്ത്രിയെ നിയമിക്കുംവരെ ഇമ്രാന്‍ ഖാന്‍ സ്ഥാനത്ത് തുടരുമെന്ന് പ്രസിഡന്റ് ആരിഫ് അല്‍വി അറിയിച്ചു. ഭരണഘടനയുടെ 224 എ (4) അനുച്ഛേദം അനുസരിച്ച് കാവല്‍ പ്രധാനമന്ത്രിയെ നിയമിക്കുന്നതുവരെ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായി തുടരുമെന്ന് പ്രസിഡന്റ് ട്വീറ്റ് ചെയ്തു.
കാവല്‍ പ്രധാനമന്ത്രിയെ നിര്‍ദേശിക്കാന്‍ ഇമ്രാന്‍ ഖാന്‍ പ്രതിപക്ഷ നേതാവായിരുന്ന ഷെഹ്ബാസ് ഷെറീഫിനും ആരിഫ് അല്‍വി കത്ത് നല്‍കിയിരുന്നു. ഭരണഘടനയനുസരിച്ച് ദേശീയ അസംബ്ലി പിരിച്ചുവിട്ടതായും കത്തിലുണ്ട്. എന്നാല് ഇമ്രാനും പ്രസിഡന്റും നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കാവല് പ്രധാനമന്ത്രിയെ നിര്ദേശിക്കില്ലെന്നും ഷെഹ്ബാസ് ഷെറീഫ് പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച പാകിസ്ഥാന്‍ തെഹ്രീകി ഇന്‍സാഫ് പാര്‍ടി യോഗം ചേരും. അതിനിടെ ദേശീയ അസംബ്ലി പിരിച്ചുവിട്ട ഭരണഘടനാപ്രശ്നത്തില്‍ സുപ്രീം കോടതിയില്‍ വാദം തുടരുകയാണ്.

