പുരാവസ്തു തട്ടിപ്പിൽ ചോദ്യങ്ങൾ ബാക്കി; അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്

കൊച്ചി: മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിക്കുമ്പോഴും വിവാദമുയർത്തിയ പല ചോദ്യങ്ങൾക്കും ഇനിയും ഉത്തരമില്ല. 2002 മുതൽ തുടങ്ങിയ തട്ടിപ്പിൽ ഉന്നത ബന്ധങ്ങളുള്ള ഒട്ടേറെപ്പേർ കണ്ണികളായിട്ടും 2018 മുതലുള്ള ചില കാര്യങ്ങൾ മാത്രമാണ് അന്വേഷണ പരിധിയിൽ വന്നത്. തട്ടിപ്പിലൂടെ സമ്പാദിച്ച പണത്തിൽ ഒരു ഭാഗം ബിനാമി നിക്ഷേപമാക്കിയെന്ന ആരോപണത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ആരോപണ വിധേയരായ പല ഉന്നതരെയും ഒഴിവാക്കിയതായും ആക്ഷേപമുണ്ട്. തട്ടിപ്പിനായി പണം വാങ്ങിയെടുക്കാൻ മോൻസൺ പല ഉന്നതരെയും ഉപയോഗിച്ചെങ്കിലും അതിൽ ഒട്ടുമിക്ക ആളുകളെയും ചോദ്യംചെയ്യുക പോലും ചെയ്തിട്ടില്ല. അന്വേഷണം അന്തിമഘട്ടത്തിൽ എത്തിയപ്പോൾ മുതൽ 10 കോടി നൽകി വഞ്ചിതരായ ആറു പരാതിക്കാരിൽ മൂന്നുപേർ ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരേ രംഗത്തുവരികയും സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇവർ അന്വേഷണ ഉദ്യോഗസ്ഥനെതിരേ വിജിലൻസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പുരാവസ്തു തട്ടിപ്പിൽ മുഖ്യ പങ്കാളികളും മോൻസന്റെ സുഹൃത്തുക്കളുമായ ബെംഗളൂരു സംഘത്തിന്റെ ഇടപെടലിലേക്കും അന്വേഷണം എത്തിയിട്ടില്ല. അതിനിടെ ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥൻ പരാതിക്കാരിൽനിന്ന് പണം വാങ്ങിയെന്ന ആരോപണവുമുയർന്നു. ഇതിൽ വിജിലൻസ് പ്രാഥമിക അന്വേഷണവും നടത്തിയിരുന്നു. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥനെതിരേ അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിച്ചതിന്റെ പേരിൽ മോൻസന് പണം നൽകിയ പരാതിക്കാരായ മൂന്നുപേരുടെ പേരിൽ അഞ്ചുകോടിയുടെ മാനനഷ്ടത്തിന് കേസ് കൊടുക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വൈ.ആർ. റസ്റ്റം. ഇതിനുള്ള അനുമതിക്കായി സർക്കാരിനെ സമീപിച്ചതായി അദ്ദേഹം പറഞ്ഞു. മോൻസന് പണം നൽകിയവരെ ബെംഗളൂരുവിൽ കൊണ്ടുപോയി തന്റെ കമ്പനിയുടെ ഡയറക്ടർമാരാണെന്നു പറഞ്ഞ് ചിലരെ പരിചയപ്പെടുത്തിയിരുന്നു. മോൻസന് വിദേശത്തു നിന്ന് കിട്ടാനുള്ള കോടികളുടെ ബാങ്ക് ഗാരന്റിയുടെ വ്യാജരേഖ നിർമിക്കാൻ ഇവരാണ് മോൻസനെ സഹായിച്ചതെന്ന് ആരോപണമുയർന്നിരുന്നു. ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ മലയാളികളുൾപ്പെട്ട സംഘമാണ് വ്യാജ ബാങ്ക് ഗാരന്റി കാണിച്ച് തട്ടിപ്പിന് കൂട്ടുനിന്നത്. അന്തഃസംസ്ഥാന ബന്ധമുള്ള സാമ്പത്തിക തട്ടിപ്പ് കേവലം രാഷ്ട്രീയ കേസാക്കി മാറ്റിയെന്ന ആരോപണവുമുയർന്നിരുന്നു.

