KSDLIVENEWS

Real news for everyone

അമിത്ഷായുമായി കൂടിക്കാഴ്ച, പിന്നാലെ ജോലിയില്‍ കയറി ഗുസ്തി താരങ്ങള്‍; സമരം തുടരും

SHARE THIS ON

ന്യൂഡൽഹി: ലൈംഗികാതിക്രമ പരാതിയിൽ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ ഗുസ്തിതാരങ്ങൾ നടത്തുന്ന സമരത്തിൽനിന്ന് പിൻമാറിയെന്ന റിപ്പോർട്ടുകൾ തള്ളി സാക്ഷി മാലിക്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്ത പൂർണമായും തെറ്റാണെന്ന് സാക്ഷി അറിയിച്ചു. സാക്ഷി മാലിക് സമരത്തിൽനിന്ന് പിൻമാറിയെന്നും റെയിൽവേയിലെ ജോലിയിൽ തിരികെ പ്രവേശിച്ചെന്നുമായിരുന്നു വാർത്ത. ഇതിനു പിന്നാലെയാണ് സാക്ഷി മാലിക് ട്വിറ്ററിലൂടെ ഇക്കാര്യം നിഷേധിച്ചത്. 

അമിത് ഷായുമായി ചര്‍ച്ച നടത്തിയതിനു ശേഷം സാക്ഷിയും ബജ്‌റങ് പൂനിയയും വിനേഷ് ഫോഗട്ടും ജോലിയില്‍ തിരികെ പ്രവേശിച്ചിരുന്നു. ഇതോടെയാണ് ഇവര്‍ സമരത്തില്‍നിന്നു പിന്മാറിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്

‘ഈ വാർത്ത പൂർണമായും തെറ്റാണ്. നീതിക്കായുള്ള പോരാട്ടത്തിൽനിന്ന് ഞങ്ങളിലാരും പിന്നോട്ടു പോയിട്ടില്ല. ഇനിയൊട്ടു പിൻമാറുകയുമില്ല. സത്യഗ്രഹം തുടരുന്നതിനൊപ്പം, റെയിൽവേയിലെ എന്റെ ഉത്തരവാദിത്തം കൂടി നിർവഹിക്കുന്നു എന്നേയുള്ളൂ. നീതി ഉറപ്പാകുന്നതു വരെ ഞങ്ങൾ സമരം തുടരും. ദയവു ചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്’ – സാക്ഷി സമരത്തിൽനിന്ന് പിൻമാറിയെന്ന ചാനൽ വാർത്തയുടെ സ്ക്രീൻ ഷോട്ട് സഹിതം താരം ട്വിറ്ററിൽ കുറിച്ചു.

സാക്ഷി സമരത്തിൽനിന്ന് പിൻമാറിയെന്ന വാർത്ത ബജ്റങ് പൂനിയയും നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് വാർത്താ ഏജൻസിയായ എഎൻഐ നൽകിയ വാർത്തയുടെ സ്ക്രീൻ ഷോട്ട് സഹിതമാണ് നിഷേധക്കുറിപ്പ്.

‘‘സമരത്തിൽനിന്ന് പിൻവാങ്ങിയെന്ന വാർത്ത വെറും അഭ്യൂഹം മാത്രമാണ്. സമരമുഖത്തുള്ള ഞങ്ങളെ ഉപദ്രവിക്കാനാണ് ഇത്തരം വാർത്തകൾ പടച്ചുവിടുന്നത്. ഞങ്ങൾ സമരത്തെക്കുറിച്ച് പുനരാലോചന നടത്തുകയോ സമരത്തിൽനിന്ന് പിൻമാറുകയോ ചെയ്തിട്ടില്ല. എഫ്ഐആറുമായി ബന്ധപ്പെട്ട വാർത്തയും തെറ്റാണ്. നീതി ഉറപ്പാക്കുന്നതുവരെ പോരാട്ടം തുടരും’ – ബജ്റങ് പൂനിയ കുറിച്ചു.

∙ അമിത് ഷായെ കണ്ടു, സമരം നിർത്തിയെന്ന് വാർത്ത

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി സമരമുഖത്തുള്ള ഗുസ്തി താരങ്ങൾ ചർച്ച നടത്തി രണ്ടു ദിവസം പിന്നിടുമ്പോൾ സാക്ഷി സമരത്തിൽ നിന്ന് പിൻമാറിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സമരമുഖത്തുനിന്ന് പിൻവാങ്ങിയ സാക്ഷി, റെയിൽവേയിൽ ജോലിയിൽ തിരികെ പ്രവേശിച്ചെന്നായിരുന്നു വാർത്ത. പ്രതിഷേധവുമായി ബന്ധപ്പെട്ട് നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ മെഡലുകൾ ഗംഗയിലൊഴുക്കാൻ പോയതിനു പിറ്റേന്ന്, അതായത് മേയ് 31ന് സാക്ഷി ജോലിയിൽ പ്രവേശിച്ചതായാണ് റെയിൽവേ മന്ത്രാലയത്തിലെ രേഖ വ്യക്തമാക്കുന്നത്.

ശനിയാഴ്ച രാത്രിയാണ് സമരമുഖത്തുള്ള ഗുസ്തി താരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപി എംപി കൂടിയായ ബ്രിജ്ഭൂഷനെതിരെ സ്വതന്ത്ര അന്വേഷണം വേണമെന്ന് ഗുസ്തി താരങ്ങൾ അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു. നിയമം എല്ലാവർക്കും ഒരു പോലെ ബാധകമാണെന്ന് അമിത് ഷാ ഗുസ്തി താരങ്ങളെ അറിയിച്ചതായാണ് വിവരം. നിയമം നിയമത്തിന്റെ വഴിക്കു നീങ്ങട്ടെയെന്നും അമിത് ഷാ പ്രതികരിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.

ബ്രിജ് ഭൂഷനെതിരെ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് താരങ്ങൾ നൽകിയ അഞ്ച് ദിവസത്തെ സമയപരിധി പിന്നിട്ടതിനു പിന്നാലെയാണ് ഇവർ അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!