മൈസൂരു-ബംഗളൂരു അതിവേഗപാത ചോരക്കളമാകുന്നു…; ഈ വര്‍ഷം ഇതുവരെ ഉണ്ടായത് 132 വാഹനാപകടങ്ങള്‍, റിപ്പോര്‍ട്ടുകള്‍ പുറത്ത്.

ബംഗളൂരു: മൈസൂരു-ബംഗളൂരു പത്തുവരി അതിവേഗപാതയില്‍ 2023 ജനുവരി മുതല്‍ ഇതുവരെ ഉണ്ടായത് 132 വാഹനാപകടങ്ങള്‍. യാത്രക്കാരുടെ മരണത്തിനിടയാക്കിയ അപകടങ്ങളാണിവ. പ്രധാനമന്ത്രി നരേന്ദ്ര മോദി പാത ഉദ്ഘാടനം ചെയ്തത് മാര്‍ച്ച് 12നാണ്. അന്നുമുതല്‍ ഉണ്ടായത് ഇതുവരെയുള്ളത് നൂറു അപകടങ്ങളാണ്. ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിന് മുമ്ബേ പാത ഭാഗികമായി തുറന്നുകൊടുത്തിരുന്നു.
അപകടങ്ങള്‍ കൂടിയതോടെ പൊലീസും വാഹന ഗതാഗതവകുപ്പും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. പാതയില്‍ ചന്നപട്ടണ മുതല്‍ മാണ്ഡ്യ വരെയുള്ള ഭാഗത്താണ് കൂടുതല്‍ അപകടമരണങ്ങള്‍ നടന്നത്. ജൂണ്‍ 30 വരെ ഈ ഭാഗത്ത് 172 അപകടങ്ങളിലായി 49 പേരാണ് മരിച്ചത്. സര്‍വിസ് റോഡുകള്‍, സുരക്ഷ-സൂചക ബോര്‍ഡുകള്‍, പൊലീസ് സുരക്ഷ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ കഴിഞ്ഞ ബി.ജെ.പി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി പെട്ടെന്ന് പാത ഉദ്ഘാടനം ചെയ്യുകയായിരുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.

