KSDLIVENEWS

Real news for everyone

പ്ലസ് ടു പാസായവർക്ക് ലേണിങ് ടെസ്റ്റ്‌ ഒഴിവാക്കി നേരിട്ട് ലൈസൻസ്; പദ്ധതി തയാറായി: മന്ത്രി…

SHARE THIS ON

എടപ്പാൾ ∙ റോഡ് സുരക്ഷാ അവബോധം സ്കൂൾ തലത്തിൽ നിന്നു തന്നെ ആരംഭിക്കുന്നതിന് മുന്നോടിയായി ഹയർ സെക്കൻഡറി വിഭാഗം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് നടപടിയായതായി മന്ത്രി ആന്റണി രാജു. പ്ലസ് ടു പരീക്ഷ പാസായവർക്ക് ലേണിങ് ടെസ്റ്റ്‌ ഒഴിവാക്കി നേരിട്ട് ലൈസൻസ് എടുക്കാവുന്ന പദ്ധതിക്കായി പുസ്തകങ്ങൾ തയാറാക്കി കഴിഞ്ഞതായും ഇവ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ചരിത്ര സംഭവമായി മാറും. സിലബസിൽ ഉൾപ്പെടുത്തുന്നതോടെ ചെറു പ്രായത്തിൽ തന്നെ കുട്ടികൾ ട്രാഫിക് നിയമ ബോധവാന്മാരാകും. ഇത് അപകടങ്ങൾ കുറയ്ക്കാൻ ഇടയാക്കും. ലേണിങ് ടെസ്റ്റിന് വരുന്ന ചെലവുകൾ കുറയ്ക്കാൻ സാധിക്കുകയും ചെയ്യും. ഇതിന് മുന്നോടിയായി ഇംഗ്ലിഷ്, മലയാളം ഭാഷകളിൽ പുസ്തകങ്ങൾ തയാറാക്കി വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ട്. റോഡ് മര്യാദകൾ, റോഡ് അടയാളങ്ങൾ എന്നിവയെക്കുറിച്ച് പാഠ്യ പദ്ധതിയുടെ ഭാഗമാക്കുന്നതിലൂടെ വിദ്യാർഥികൾക്ക് ഇവ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. ഇതുവഴി മികച്ച ഗതാഗത സംസ്കാരം വളർത്തിയെടുക്കുന്നതിനും സാധിക്കുമെന്നാണ് കരുതുന്നത്. നിലവിൽ ഡ്രൈവിങ് പഠിക്കുമ്പോൾ ലഭിക്കുന്ന പ്രാഥമിക വിവരങ്ങൾ മാത്രമാണ് ഡ്രൈവർമാർക്കുള്ളത്. ഇതിന് പകരം പാഠ്യപദ്ധതിയിൽ ഇവ ഉൾപ്പെടുത്തുന്നതോടെ കാതലായ മാറ്റങ്ങൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!