ഭാര്യയേയും കുട്ടിയേയും പൂട്ടിയിട്ടെന്ന് പരാതി: ബിനീഷിന്റെ വീട്ടില്‍ ബാലാവകാശ കമ്മീഷന്‍ എത്തി

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് റെയ്ഡ് നടക്കുന്ന ബിനീഷ് കോടിയേരിയുടെ വീട്ടിലേക്ക് ബാലാവകാശ കമ്മീഷൻ ഉദ്യോഗസ്ഥരും എത്തി. രണ്ടര വയസ്സുള്ള കുട്ടിയെ അടക്കം ഇ.ഡി കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്നും കാണാൻ അനുവദിക്കുന്നില്ലെന്നുമുള്ള കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് നടപടി.
എന്നാൽ കമ്മീഷൻ ഉദ്യോഗസ്ഥരെ അകത്തേക്ക് പ്രവേശിക്കാൻ സുരക്ഷാ ചുമതലയുളള ഇ.ഡി ഉദ്യോഗസ്ഥർ സമ്മതിച്ചില്ല.
തുടർന്ന് അവർ കത്ത് കൈമാറിയതിന് പിന്നാലെ ബിനീഷിന്റെ ഭാര്യയും കുട്ടിയും ഭാര്യാമാതാവും പുറത്തേക്കുവന്നു. ബിനീഷിന്റെ ഭാര്യയേയും കുട്ടിയേയും ഒരുമുറിയിൽ പൂട്ടിയിട്ടതായും കുട്ടി ഉറങ്ങിയിട്ട് പോലുമില്ലെന്ന് ഭാര്യാമാതാവ് ആരോപിച്ചു. ബിനീഷിന്റെ രണ്ടര വയസുകാരിയായ മകളെ 24 മണിക്കൂർ ഭക്ഷണം പോലും നൽകാതെ തടഞ്ഞുവച്ചു എന്നായിരുന്നു കുടുബം പരാതി നൽകിയത്. കേസിൽ പ്രതികളല്ലാത്തവരെ ഇത്തരത്തിൽ പീഠിപ്പിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും അവർ കുറ്റപ്പെടുത്തി
കുട്ടിയുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടുവെന്നും തുടർ നടപടികൾക്കായി ഇന്ന് തന്നെ ഉത്തരവിടുമെന്നും കമ്മീഷൻ അംഗം പറഞ്ഞു. ബാലാവകാശ കമ്മീഷൻ ചെയർപേഴ്സണും അംഗങ്ങളുമായിരുന്നു വീട്ടിലെത്തിയത്. അകത്തേക്ക് പ്രവേശിക്കാൻ സമ്മതിക്കാതിരുന്നതോടെ ഇവർ സ്ഥലത്ത് നിന്നും മടങ്ങി. ചില പേപ്പറുകൾ കണ്ട് കിട്ടിയെന്നും ഇതിൽ ഒപ്പിടാൻ നിർബന്ധിക്കുകയാണെന്നും ഇതിനിടെ കുട്ടിയേയും കൊണ്ട് പുറത്ത് വന്ന ബിനീഷിന്റെ ഭാര്യാ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ക്രെഡിറ്റ് കാർഡ് കണ്ടെടുത്തെന്ന് പറഞ്ഞ് ഒപ്പിടാൻ നിർബന്ധിച്ചെന്നാണ് ബിനീഷിന്റെ ഭാര്യ പറഞ്ഞു

