KSDLIVENEWS

Real news for everyone

ശിവശങ്കറിന്റെ കസ്റ്റഡി നീട്ടി ; കെ ഫോൺ പദ്ധതിയിലടക്കം സ്വപ്ന സജീവമായി ഇടപെട്ടെന്ന് ഇഡി കസ്റ്റഡി

SHARE THIS ON

കൊച്ചി: കെ ഫോണ്‍, സ്മാര്‍ട് സിറ്റി അടക്കം സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളുടെ ഔദ്യോഗിക രഹസ്യവിവരങ്ങള്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സ്വര്‍ണ്ണക്കളളക്കടത്ത് കേസ് പ്രതികള്‍ക്ക് കൈമാറിയെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ്. പുതിയ വിവരങ്ങളുടെ അ‍ടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ അഡീഷണഷല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ അടക്കമുളളവരുടെ നാളെ ചോദ്യം ചെയ്യും. എം ശിവശങ്കറെ ആറുദിവസത്തേക്കുകൂടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു.

ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷം എം ശിവശങ്കറെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് എന്‍ഫോഴ്സ്മെന്‍റ് അന്വേഷണ പുരോഗതി അറിയിച്ചത്. സര്‍ക്കാരിന്‍റെ രഹസ്യ വിവരങ്ങളാണ് എം ശിവശങ്കര്‍ സ്വര്‍ണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് കൈമാറിയത്.

സ്മാര്‍ട് സിറ്റി, കെ ഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളില്‍ ശിവശങ്കറിന്‍റെ അറിവോടെ സ്വപ്ന പല ഘട്ടങ്ങളിലും ഇടപെട്ടിട്ടുണ്ട്. ഇത് തെളിയിക്കുന്ന വാട്സ് ആപ് ചാറ്റുകള്‍ കിട്ടിയിട്ടുണ്ട്. ലൈഫ് മിഷന്‍ കരാറുകാരായ യൂണിടാക്കിന് വിവരങ്ങള്‍ കൈമാറുന്നതിനായിരുന്നു ഇതില്‍ പലതും. ശിവശങ്കറിന്‍റെ ദുരൂഹമായ ഇടപാടുകളാണ് ഇതുവഴി തെളിയുന്നതെന്നും ഇ ഡി യുടെ റിപ്പോര്‍ട്ടിലുണ്ട്.

അന്വേഷണ വഴിതെറ്റിക്കാനും ശിവശങ്കര്‍ ശ്രമിച്ചെന്നാണ് മറ്റൊരു ആരോപണം. ലൈഫ് മിഷനിലെ കോഴപ്പണം കൈപ്പറ്റിയ കോണ്‍സുലേറ്റ് ജീവനക്കാരന്‍ ഖാലിദുമായി ബന്ധമില്ലെന്നായിരുന്നു ശിവശങ്കര്‍ ആവര്‍ത്തിച്ചത്. എന്നാല്‍ തുടര്‍ ചോദ്യം ചെയ്യലില്‍ ഖാലിദിനെ അറിയാമെന്ന് ശിവശങ്കര്‍ സമ്മതിച്ചു. കോഴപ്പണം കൈപ്പറ്റിയ ഖാലിദുമായുളള ശിവശങ്കറിന്‍റെ ബന്ധവും അന്വേഷിക്കേണ്ടതുണ്ട്. ലൈഫ് മിഷനിലെ ഇടപാട് എന്‍ഫോഴ്സ്മെന്‍റിന്‍റെ അന്വേഷണപരിധിയില്‍പ്പെടുമോയെന്ന് കോടതി ചോദിച്ചു.

എന്നാല്‍ സ്വര്‍ണക്കളളക്കടത്തുകേസിലെ പ്രതികള്‍ക്ക് ഈ ഇടപാടുകളുമായി ബന്ധമുണ്ടെന്നായിരുന്നു ഇഡിയുടെ മറുപടി. തുടര്‍ ചോദ്യം ചെയ്യലുകള്‍ക്കായി 7 ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടതെങ്കിലും കോടതി ആറു ദിവസം അനുവദിച്ചു. കസ്റ്റഡിയില്‍ തന്നെ പീ‍ഡിപ്പിച്ചിട്ടില്ലെന്നും ആവശ്യമായ വിശ്രമം അനുവദിച്ചെന്നും എം ശിവശങ്ക‍ര്‍ കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ , ലൈഫ് മിഷന്‍ കരാര്‍ ലഭിച്ച ഹൈദരാബാദിലെ പെന്നാര്‍ ഇന്‍ഡസ്ട്രീസ് എം ഡി ആദിത്യ നാരായണ റാവു എന്നിവരോടും നാളെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശിവശങ്കറിന്‍റെ സാന്നിധ്യത്തില്‍ ഇരുവരുടെയും മൊഴിയെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!