ഇസ്രായേലിലേക്ക് ആയുധങ്ങളുമായി പോകുന്ന യു.എസ് കപ്പല്‍ തടഞ്ഞ് പ്രതിഷേധം / video

ഓക്ലാൻഡ്: ഇസ്രായേലിലേക്ക് ആയുധങ്ങളുമായി പോകുന്ന അമേരിക്കൻ കപ്പല്‍ തടഞ്ഞ് പ്രതിഷേധം. കേപ് ഒര്‍ലാൻഡോ എന്ന കപ്പലാണ് വെള്ളിയാഴ്ച രാവിലെ ഓക്‌ലാൻഡ് തുറമുഖത്ത് ഫലസ്തീൻ അനുകൂല പ്രതിഷേധക്കാര്‍ തടഞ്ഞത്.
ഇസ്രായേലിലേക്കുള്ള ആയുധങ്ങളും സൈനിക ഉപകരണങ്ങളുമാണ് കപ്പലിലുള്ളതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
മണിക്കൂറുകളോളം കപ്പലില്‍ തുങ്ങിനിന്നാണ് പ്രതിഷേധക്കാര്‍ കപ്പലിന്റെ യാത്ര തടഞ്ഞത്. ടാങ്കുകള്‍, കവചിത വാഹനങ്ങള്‍, മൊബൈല്‍ റോക്കറ്റ് ലോഞ്ചറുകള്‍, കാര്‍ഗോ ട്രക്കുകള്‍ തുടങ്ങിയവ കൊണ്ടുപോവാൻ അനുയോജ്യമായ കപ്പലാണ് കേപ് ഒര്‍ലാൻഡോ.
രാവിലെ എട്ട് മണിയോടെയാണ് പ്രതിഷേധക്കാര്‍ തുറമുഖത്തെത്തിയത്. പിന്നീട് പ്രതിഷേധക്കാരുടെ എണ്ണം കൂടിയതോടെ തുറമുഖത്തേക്കുള്ള പ്രവേശന കവാടം അടച്ചു. നൂറുകണക്കിന് പ്രതിഷേധക്കാരാണ് ഗെയ്റ്റിന് പുറത്ത് തടുച്ചുകൂടി ഇസ്രായേല്‍ വംശഹത്യക്കെതിരെ പ്രതിഷേധമുയര്‍ത്തിയത്. ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യ അംഗീകരിക്കാനാവില്ലെന്നും എത്രയും വേഗം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

