വീണ്ടും നാശം വിതച്ച് കാട്ടാനക്കൂട്ടം; അഡൂർ ചൂരലടിയിൽ കൃഷികൾ നശിപ്പിച്ച ചൂരലടിയിൽ നാശംവിതച്ച് ആനക്കൂട്ടം

അഡൂർ: ”ആനക്കൂട്ടത്തെപ്പേടിച്ച് താമസം മാറി. കൃഷിയിടം ഒപ്പം കൊണ്ടുപോകാനാകുമോ? കിട്ടിയ വിലയ്ക്ക് വിൽക്കാമെന്നുവെച്ചാൽ വാങ്ങാനാളില്ല. ഞങ്ങളുടെ ദുരിതം ആരോട് പറയാനാണ്? ”-ചൂരലടിയിലെ മുഹമ്മദിന് സങ്കടം സഹിക്കാനാവുന്നില്ല.
കഷ്ടപ്പെട്ടുണ്ടാക്കിയവയാണ് കൺമുന്നിൽ ആനകൾ തകർത്തുകളഞ്ഞത്. തിങ്കളാഴ്ച രാത്രി ആനക്കൂട്ടം തോട്ടത്തിലിറങ്ങിയെന്നറിഞ്ഞ് പാണ്ടിയിൽനിന്ന് മുഹമ്മദ് മക്കളെയും കൂട്ടി ചാക്ക് നിറയെ പടക്കവുമായി ചൂരലടിയിലെത്തി. തീയിട്ടും പടക്കമെറിഞ്ഞും തുരത്താൻ ശ്രമിച്ചെങ്കിലും ആനക്കൂട്ടം ഒഴിഞ്ഞുപോയില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചുവെങ്കിലും ആരും വന്നില്ലെന്ന് മുഹമ്മദ് പറഞ്ഞു.
ചൊവ്വാഴ്ച പുലരുംവരെ നശിപ്പിക്കൽ തുടർന്നു. പലതവണ ഓഫീസിലേക്ക് വിളിച്ചെങ്കിലും ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയില്ല. ആനകൾ നൂറോളം കവുങ്ങുകൾ തകർത്തു. കവുങ്ങുകൾ നെടുകെ പിളർന്ന് ചവർ ഭക്ഷിക്കുകയാണ് ഇവ ചെയ്യുന്നത്. എട്ട് തെങ്ങുകളും ഒട്ടേറെ റബ്ബർ മരങ്ങളും മറിച്ചിട്ടു.
1800 കവുങ്ങുകളുണ്ടായിരുന്ന മുഹമ്മദിന്റെ തോട്ടത്തിൽ ഇപ്പോൾ നാനൂറോളം കവുങ്ങുകൾ മാത്രമാണ് ബാക്കിയുള്ളത്. പല തവണയായി ബാക്കിയുള്ളവ ആനക്കൂട്ടം തകർത്തു.
ഇവയുടെ അക്രമം ഭയന്ന് മുഹമ്മദും കുടുംബവും പാണ്ടിയിലേക്ക് താമസം മാറിയിരുന്നു. മുഹമ്മദിന്റെ കൈയിൽനിന്ന് കൃഷിയിടം വനം വകുപ്പ് ഏറ്റെടുക്കാമെന്ന് പറഞ്ഞ് അപേക്ഷ എഴുതിവാങ്ങി ഒരു വർഷം കഴിഞ്ഞെങ്കിലും ഇതുവരെയായും നടപടിയൊന്നുമുണ്ടായില്ല.
ജീവനക്കാരുടെ കുറവും പ്രതിരോധവും കാരണം സ്ഥലത്തെത്താനായില്ല
: ‘ഓപ്പറേജൻ ഗജ’യിലൂടെ വനാതിർത്തി കടത്തിവിട്ട രണ്ട് ആനക്കൂട്ടങ്ങൾ തിരിച്ചുവന്ന് രണ്ടാഴ്ചയായി പാണ്ടിവനത്തിൽ തമ്പടിച്ചിരിക്കുകയാണ്
ഇവ വീണ്ടും മുളിയാർ വനത്തിലെത്താനുള്ള സാഹചര്യമുള്ളതിനാൽ പള്ളഞ്ചിയിൽ തിങ്കളാഴ്ച രാത്രി മുഴുവൻ വനം വകുപ്പുദ്യോഗസ്ഥർ പ്രതിരോധം തീർക്കുകയായിരുന്നുവെന്ന് ബന്തടുക്ക സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ.ബാബു പറഞ്ഞു. രാത്രി മഴ പെയ്തതിനാൽ തീയിട്ട് പ്രതിരോധിക്കാനായില്ല. എല്ലാ ഉദ്യോഗസ്ഥരും പള്ളഞ്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ചതിനാൽ ചൂരലടിയിലെത്താനായില്ല. ജീവനക്കാരിൽ അഞ്ചു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതും തടസ്സമായി.
പുലർച്ചെയോടെ സ്ഥലത്തെത്തുമ്പോഴേക്കും ആനക്കൂട്ടം കാട് കയറിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആനയെ തുരത്തുന്നതിനിടെ കഴിഞ്ഞയാഴ്ചയാണ് ഒരു വനപാലകൻ്റെ കൈയിൽനിന്ന് പടക്കം പൊട്ടി കെക്ക് സാരമായ പരിക്കേറ്റത്. ഇദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്

