KSDLIVENEWS

Real news for everyone

മണ്ടത്തരം തിരുത്തി’; കശ്മീര്‍ മുന്‍ ഉപ മുഖ്യമന്ത്രി അടക്കം 17 പേര്‍ കോണ്‍ഗ്രസില്‍ തിരികെ

SHARE THIS ON

ന്യൂഡൽഹി∙ കോണ്‍ഗ്രസ് വിട്ടുപോയ കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി താരാ ചന്ദ്, നേതാക്കളായ പീര്‍സാദാ മുഹമ്മദ് സയ്യിദ്, ബല്‍വാന്‍ സിങ് തുടങ്ങി 17 പേര്‍ തിരികെയെത്തി. ഗുലാം നബി ആസാദിനൊപ്പം പോയ നേതാക്കളാണ് കോൺഗ്രസിൽ തിരികെയെത്തിയത്. ഇനിയും നേതാക്കള്‍ തിരികെ പാര്‍ട്ടിയിലേക്കു വരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. 

ഭാരത് ജോഡോ യാത്ര കൂടുതല്‍ ആളുകളെ കോണ്‍ഗ്രസിലേക്ക് അടുപ്പിക്കുകയാണ്. സമാനമനസ്കരായ പാര്‍ട്ടികളും പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസിനൊപ്പമെത്തുമെന്ന് കെ.സി.വേണുഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു. ഭാരത് ജോഡോ യാത്ര ഉയർത്തുന്ന സന്ദേശത്തോട് യോജിപ്പുണ്ടെങ്കിൽ ഗുലാം നബി ആസാദിന് പങ്കെടുക്കാമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലേക്കു പ്രവേശിക്കാനിരിക്കവെ നേതാക്കൾ തിരിച്ചെത്തിയത് പാർട്ടിയെ ആവേശത്തിലാക്കിയിട്ടുണ്ട്.

കോൺഗ്രസ് വിട്ടത് ജീവിതത്തിലെ വലിയ മണ്ടത്തരമാണെന്ന് മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് പറഞ്ഞു. തെറ്റുകൾ ആർക്കും സംഭവിക്കാം. അതു തിരുത്തി തിരികെ വന്നിരിക്കുന്നു. പാർട്ടിയോടും ജനങ്ങളോടും മാപ്പു പറയുന്നുവെന്ന് മുൻ മന്ത്രി പീർസാദാ മുഹമ്മദ് സയ്യിദ് പറഞ്ഞു. ഇവർക്കൊപ്പം മുസഫർ പാറെ, ബൽവാൻ സിങ്, മൊഹീന്ദർ ഭരദ്വാജ്, ഭൂഷൺ ദോഗ്ര, വിനോദ് ശർമ, മുജാഫർ പാറെ, നരീന്ദർ ശർമ, നരേഷ് ശർമ, അംബ്രിഷ് മഗോത്ര, സുഭാഷ് ഭാഗത്, ബദ്രിനാഥ് ശർമ, വരുൺ മഗോത്ര, അനുരാധ ശർമ, വിജയ് ടർഗോത്ര, ചന്ദർ പ്രഭ ശർമ തുടങ്ങിയവരും തിരിച്ചെത്തി.

ചന്ദും ബൽവാൻ സിങ്ങും ഗുലാം നബി ആസാദിന്റെ കടുത്ത അനുയായികൾ ആയിരുന്നു. എന്നാൽ ഡെമോക്രാറ്റിക് ആസാദ് പാർട്ടി രൂപീകരിച്ച ആസാദ് കോൺഗ്രസ് വിട്ടു തനിക്കൊപ്പം വന്ന ചിലരെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പുറത്താക്കിയിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!