KSDLIVENEWS

Real news for everyone

തെലങ്കാനയില്‍ ‘കിറ്റെക്‌സി’നെതിരെ കര്‍ഷകരോഷം; സ്ഥലം ഏറ്റെടുപ്പ് തടഞ്ഞ് നാട്ടുകാര്‍

SHARE THIS ON

ഹൈദരാബാദ്: സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടി കേരളം വിട്ട കിറ്റെക്‌സിന് തെലങ്കാനയിലും തിരിച്ചടി. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ രണ്ടു വര്‍ഷംമുന്‍പ് പ്രഖ്യാപിച്ച ആയിരം കോടിയുടെ വമ്ബന്‍ പദ്ധതിയുടെ ഭാഗമായുള്ള സ്ഥലം ഏറ്റെടുപ്പ് കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് നീളുന്നു.

കഴിഞ്ഞ ദിവസം സര്‍വേ നടപടികള്‍ക്കായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു.

കേരളത്തോട് ‘തെറ്റി’ തെലങ്കാനയിലേക്ക്

നിരന്തര പരിശോധനകളും റെയ്ഡുമായി വേട്ടയാടുന്നുവെന്ന് ആരോപിച്ചാണ് 2021ല്‍ കിറ്റെക്‌സ് സംസ്ഥാന സര്‍ക്കാരുമായുള്ള 3,500 കോടി രൂപയുടെ കരാര്‍ റദ്ദാക്കിയത്. കേരളത്തില്‍ ലക്ഷക്കണക്കിനുപേര്‍ക്ക് ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്ന പദ്ധതി മറ്റു സംസ്ഥാനങ്ങളില്‍ നടപ്പാക്കുമെന്ന് എം.ഡി സാബു എം. ജേക്കബ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കിറ്റെക്‌സിന് തെലങ്കാനയില്‍നിന്ന് ക്ഷണം ലഭിച്ചത്.

തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവുമായി നടത്തിയ ചര്‍ച്ചയില്‍ 1,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ധാരണയായി. വാറങ്കലിലെ ഗീസുഗോണ്ട മണ്ടലിലുള്ള ശ്യാംപേട്ടില്‍ 187 ഏക്കറാണ് കിറ്റെക്‌സിന് തെലങ്കാന സര്‍ക്കാര്‍ അനുവദിച്ചത്. ഇവിടെ കാക്കാത്തിയ മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്കിനായി സംസ്ഥാനം കണ്ടെത്തിയ 1,200 ഏക്കര്‍ ഭൂമിയിലായിരുന്നു പദ്ധതി.

ഗീസുഗോണ്ട മുതല്‍ സംഘം വരെ പരന്നുകിടക്കുന്ന വിസ്തൃതമായ ഭൂമിയില്‍ രണ്ട് വസ്ത്ര വ്യവസായ യൂനിറ്റുകള്‍ ആരംഭിക്കുമെന്നായിരുന്നു തെലങ്കാനയിലെ കെ. ചന്ദ്രശേഖര്‍ റാവു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ ഒരു യൂനിറ്റായാണ് കിറ്റെക്‌സിനെ തിരഞ്ഞെടുത്തത്. പദ്ധതി വഴി ആയിരങ്ങള്‍ക്ക് ജോലി നല്‍കുമെന്ന് രാമറാവുമായുള്ള കൂടിക്കാഴ്ചയില്‍ സാബു എം. ജേക്കബ് ഉറപ്പുനല്‍കുകയും ചെയ്തു.

കരാര്‍ പ്രകാരം 2022 മേയ് മാസം സാബു അടക്കമുള്ള കിറ്റെക്‌സ് വൃത്തങ്ങളുടെ സാന്നിധ്യത്തില്‍ പദ്ധതിയുടെ ശിലാസ്ഥാപനം കെ.ടി രാമറാവു നിര്‍വഹിക്കുകയും ചെയ്തിരുന്നു. ഭൂമിപൂജ അടക്കമുള്ള ചടങ്ങുകളിലും മന്ത്രി പങ്കെടുത്തു. എന്നാല്‍, നേരത്തെ അനുവദിച്ച സ്ഥലത്തിനു പുറമെ ചുറ്റുമതില്‍ കെട്ടാനായി 13.29 ഏക്കര്‍ ഭൂമി കൂടി കമ്ബനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

‘വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വഞ്ചനയും തുടരുന്നു’

കര്‍ഷകരുടെ പാട്ടഭൂമിയുടെ വലിയൊരു ഭാഗം കിറ്റെക്‌സ് അധികം ആവശ്യപ്പെട്ട 13 ഏക്കറില്‍ ഉള്‍പ്പെടും. കമ്ബനിയുടെ ആവശ്യ പ്രകാരം റവന്യു ജീവനക്കാര്‍ കഴിഞ്ഞ ശനിയാഴ്ച സര്‍വേ നടപടികള്‍ക്കായി സ്ഥലത്തെത്തി. എന്നാല്‍, കര്‍ഷകരുടെ ഭാഗത്തുനിന്ന് വന്‍ പ്രതിഷേധമാണ് നേരിട്ടതെന്ന് ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ, കര്‍ഷകരില്‍നിന്ന് ഏറ്റെടുത്ത ഭൂമിയിലാണ് ടെക്‌സ്റ്റൈല്‍ പാര്‍ക്ക് വരുന്നത്. അഞ്ചുവര്‍ഷം മുന്‍പ് സ്ഥലം ഏറ്റെടുക്കുമ്ബോള്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളും കരാറുകളും ഇനിയും പാലിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഏക്കറിന് 50 ലക്ഷം രൂപ വിലയുള്ള ഭൂമിക്ക് 10 ലക്ഷം മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. ഇതോടൊപ്പം ഏറ്റെടുത്ത ഓരോ ഏക്കറിനും പകരം വീടുനിര്‍മിക്കാനായി നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഭൂമി ലഭിച്ചില്ല. ടെക്‌സ്റ്റൈല്‍ പാര്‍ക്കില്‍ കുടുംബത്തില്‍നിന്ന് ഒരാള്‍ക്കു വീതം ജോലി നല്‍കാമെന്ന വാഗ്ദാനവും ഇതുവരെ നിറവേറ്റിയിട്ടില്ല.

നല്ല ഫലഭൂയിഷ്ടമായ ഭൂമിയാണ് സര്‍ക്കാര്‍ തങ്ങളില്‍നിന്ന് ഏറ്റെടുത്തതെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. വര്‍ഷത്തില്‍ മൂന്നു തവണ വരെ വിളവെടുപ്പ് നടത്താവുന്ന തരത്തില്‍ ഫലഭൂയിഷ്ടമാണ് ഭൂമിയെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, നേരത്തെ വിട്ടുനല്‍കിയ ഭൂമിക്കു പുറമെ കിറ്റെക്‌സ് അധികം ആവശ്യപ്പെട്ട 13.29 ഏക്കര്‍ ഭൂമി കൂടി ഒഴിഞ്ഞുകൊടുക്കണമെന്ന് മാസങ്ങള്‍ക്കുമുന്‍പ് കര്‍ഷകര്‍ക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്.

നോട്ടീസ് പ്രകാരം സര്‍വേ നടപടികള്‍ക്കായി ആറുമാസം മുന്‍പ് റവന്യൂ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടിവന്നു. കഴിഞ്ഞ ദിവസം കര്‍ഷക പ്രതിഷേധം മുന്‍കൂട്ടിക്കണ്ട് വന്‍ പൊലീസ് സന്നാഹവുമായാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. എന്നാല്‍, വീണ്ടും ശക്തമായ കര്‍ഷക പ്രതിഷേധമാണ് ഉദ്യോഗസ്ഥര്‍ നേരിട്ടത്. കീടനാശിനികളുമായി കര്‍ഷകര്‍ ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!