വ്യാജവാര്‍ത്തകളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് മുന്നറിയിപ്പുമായി മന്ത്രി അനുരാഗ് താക്കൂര്‍

ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍. 22 യൂട്യുബ് ചാനലുകള്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് താക്കൂറിന്റെ പ്രസ്താവന.
“കേന്ദ്ര സര്‍ക്കാര്‍ 22 യൂട്യൂബ് ചാനലുകള്‍ ബ്ലോക്ക് ചെയ്തു. 18 എണ്ണം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതും നാലെണ്ണം പാകിസ്ഥാനിലും. ഇതിന് മുമ്ബും ഇത്തരം ചാനലുകളുടെ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിട്ടുണ്ട്”. ഇന്ത്യയില്‍ ആകെ 78 ചാനലുകളാണ് കേന്ദ്രം ബ്ലോക് ചെയ്തതെന്നും താക്കൂര്‍ പറഞ്ഞു. ഇത്തരം ചാനലുകള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ നിന്നും സര്‍ക്കര്‍ ഒരിക്കലും പിന്മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ പരമാധികാരം, ദേശീയ സുരക്ഷ, മറ്റ് രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ എന്നിവയെ ബാധിക്കുന്ന വിധത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഈ ചാനലുകള്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയിരുന്നു. അവര്‍ കോവിഡിനെ കുറിച്ചും റഷ്യ-യുക്രെയ്ന് പ്രതിസന്ധിയെ കുറിച്ചും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നും താക്കൂര്‍ പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം 22 യൂട്യൂബ് അധിഷ്ഠിത വാര്‍ത്താ ചാനലുകളും മൂന്ന് ട്വിറ്റര്‍ അക്കൗണ്ട്, ഒരു ഫേസ്ബുക്ക് അക്കൗണ്ട്, ഒരു വാര്‍ത്താ വെബ്സൈറ്റ് എന്നിവയുടെ പ്രവര്‍ത്തനാനുമതി തടഞ്ഞുകൊണ്ട് ഉത്തരവിട്ടിരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് 2021ലെ ഐ.ടി ചട്ടങ്ങള്‍ക്ക് കീഴിലുള്ള അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഇവയുടെ പ്രവര്‍ത്തനം തടഞ്ഞത്.

