‘അരയ്ക്കു മുകളിൽ തണുപ്പ്, നോക്കിയപ്പോൾ സീറ്റിനടിയിലേക്ക് ചുരുണ്ടുകൂടി പാമ്പ്’

ജൊഹാനസ്ബർഗ്∙ കടുത്ത വിഷമുള്ള പാമ്പിനെ കോക്പിറ്റിൽ കണ്ടതിനെത്തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. പറക്കലിനിടെയാണ് ദക്ഷിണാഫ്രിക്കൻ പൈലറ്റായ റൂഡോൾഫ് ഇറാസ്മസ് കോക്പിറ്റിൽ പാമ്പിന്റെ തല കണ്ടത്. സമചിത്തതയോടെ കാര്യങ്ങളെ സമീപിച്ച ഇറാസ്മസ് ഉടൻതന്നെ അടുത്തുള്ള വെൽകോം വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. വിമാനം പറത്തലിൽ അഞ്ചുവർഷത്തെ പരിചയമുള്ളയാളാണ് ഇറാസ്മസ്. വോർസെസ്റ്ററിൽനിന്ന് നെൽസ്പ്രുട്ടിലേക്കു നാലു യാത്രക്കാരുമായി പോയ ചെറുവിമാനത്തിന്റെ പൈലറ്റ് ആയിരുന്നു അദ്ദേഹം. തിങ്കളാഴ്ച പകലാണ് സംഭവം. കാര്യങ്ങളെക്കുറിച്ച് ഇറാസ്മസിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ: ‘‘തിങ്കളാഴ്ച രാവിലെ വിമാനം പറത്തുന്നതിനു മുൻപുള്ള പരിശോധനകൾ നടത്തിയപ്പോൾത്തന്നെ കേപ് കോബ്ര എന്ന പാമ്പിനെ വിമാനത്തിന്റെ ചിറകിന് അടിയിലായി കണ്ടിരുന്നുവെന്ന് വോർസെസ്റ്റർ എയർഫീൽഡിലെ ആളുകൾ വിവരം നൽകിയിരുന്നു. അതിനെ പിടിക്കാൻ അവർ ശ്രമിച്ചെങ്കിലും എൻജിനകത്തേക്ക് കയറുന്നതു കണ്ടു. പിന്നീട് എൻജിന്റെ ഭാഗങ്ങൾ തുറന്നുനോക്കിയപ്പോൾ പാമ്പിനെ അവിടെങ്ങും കണ്ടില്ല. അതിറങ്ങിപ്പോയെന്ന അനുമാനത്തിലായിരുന്നു അവർ. കാലിനും അരയ്ക്കുമിടയിൽ വിമാനത്തിന്റെ വശത്തോടു ചേർന്ന് വെള്ളത്തിന്റെ കുപ്പി സ്ഥിരമായി വച്ചാണ് ഞാൻ യാത്ര ചെയ്യാറുള്ളത്. അരയ്ക്കുമുകളിലായി തണുപ്പ് പോലെ തോന്നിയപ്പോൾ വെള്ളത്തിന്റെ കുപ്പി ചോർന്നതാണോ എന്നാണ് കരുതിയത്. ഇടതുവശത്ത് താഴേക്കു നോക്കിയപ്പോൾ പാമ്പ് എന്റെ സീറ്റിന് അടിയിലേക്ക് തല തിരിച്ചുതാഴ്ത്തുന്നതാണ് കണ്ടത്.

