‘ലോക്കല്‍ പൊലീസിനെ പോലും അറിയാക്കാതിരുന്നത് യാത്രയുടെ രഹസ്യസ്വഭാവം സൂക്ഷിക്കാന്‍; സംഭവിച്ചത് ഗുരുതര സുരക്ഷാവീഴ്ച

കണ്ണൂര്‍: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഷാരൂഖ് സെയ്ഫിയെ കേരളത്തിലെത്തിക്കുന്നതിനിടെ സംഭവിച്ചത് ഗുരുതര സുരക്ഷാ വീഴ്ചയായിരുന്നു. മഹാരാഷ്ട്ര എ.ടി.എസ് കൈമാറിയ പ്രതിയുമായി മൂന്ന് പൊലീസുകാര്‍ മാത്രമാണ് ഒരു വാഹനത്തില്‍ കേരളത്തിലെത്തിച്ചത്. എന്നാല്‍ വാഹനം കണ്ണൂരില്‍ വെച്ച് പഞ്ചറാകുകയും മണിക്കൂറുകളോളം പെരുവഴിയില്‍ കുടുങ്ങുകയും ചെയ്തു. എന്നാല്‍ യാത്രയുടെ രഹസ്യസ്വഭാവം സൂക്ഷിക്കാനായിരുന്നു ലോക്കല്‍പൊലീസിനെ പോലും അറിയിക്കാതെ പ്രതിയുമായി കേരളത്തിലെത്തിയതെന്നാണ് കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ പറയുന്നത്. സാധാരണ അത്യപൂര്‍വമായ കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളുമായി പോകുമ്ബോള്‍ ചെയ്യുന്നത് പോലെ അതത് പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയോ പൈലറ്റ് വാഹനം അയക്കുകയോ ചെയ്തിരുന്നില്ല. കണ്ണൂര്‍ മേലൂര്‍ മാമാക്കുന്ന് വെച്ച് പ്രതിയുമായി എത്തിയ വാഹനം ഒരുമണിക്കൂറിലധികം പഞ്ചറായി പെരുവഴിയില്കുടുങ്ങിയിട്ടും അരമണിക്കൂറിന് ശേഷമാണ് ഒരു പൊലീസുകാരന് അങ്ങോട്ട് എത്തിയത്. അതേസമയം, പ്രതിയുമായി പൊലീസ് എത്തുന്ന കാര്യം എല്ലാവര്‍ക്കുമറിയാമായിരുന്നു. കണ്ണൂരില്‍ എത്തിയത് മുതല്‍ മാധ്യമപ്രവര്‍ത്തകരും പ്രതിയുടെ വാഹനത്തെ പിന്തുടര്ന്നിരുന്നു. ബുധനാഴ്ച പുലര്‍ച്ച 5.30 ന് മഹാരാഷ്ട്ര എ.ടി.എസ് പ്രതിയെന്ന് സംശയിക്കുന്ന ഷാരൂഖ് സെയ്ഫിയെ കേരള പൊലീസിന് കൈമാറുന്നത്. ഉച്ചക്ക് 1.15 ഓടെയാണ് കാസര്‍കോഡ് ഡി.വൈ.എസ്.പിയുടെ ബന്ധുവിന്റെ ഉടമസ്ഥതയോടെ വെള്ള ഇന്നോവ കാറില്‍ പ്രതിയുമായി രത്നഗിരിയില്‍ നിന്ന് കേരളത്തിലേക്ക് വരുന്നത്. മൂന്ന് ഉദ്യോഗസ്ഥര്മാത്രമായിരുന്നു വണ്ടിയിലുണ്ടായിരുന്നത്. തലപ്പാടി അതിര്‍ത്തി ചെക് പോസ്റ്റ് വരെ ഇന്നോവ കാറിലാണ് സെയ്ഫിയെ കൊണ്ടുവന്നത്. അതിനുശേഷം ഫോര്‍ച്ചുണര്‍ കാറിലേക്ക് പ്രതിയെ മാറ്റി പുലര്‍ച്ചെ ഒരു മണിയോടെ കേരള അതിര്‍ത്തി കടന്നു. 3.20ഓടെ വാഹനം കണ്ണൂര്‍ വളപട്ടണത്തെത്തി. ചാല ബൈപാസിലെത്തിയപ്പോഴാണ് വഴിതെറ്റിയത്. കൂത്തുപറമ്ബ് റോഡില്‍ കുറേദൂരം സഞ്ചരിച്ചപ്പോഴാണ് വഴി തെറ്റിയെന്ന് ഡ്രൈവര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് മമ്മാക്കുന്ന് പാലം വഴി തലശ്ശേരിക്ക് പോകുന്നതിനിടെ മേലൂരില്‍ വെച്ച് വാഹനത്തിന്റെ ടയര്‍ പഞ്ചറായി. അരമണിക്കൂറിനു ശേഷം എടക്കാട് സ്റ്റേഷനില്‍ നിന്ന് ബൊലേറോ ജീപ്പെത്തി. ഈ വാഹനവും സ്റ്റാര്‍ട്ടാവാത്തതിനെ തുടര്‍ന്ന് വീണ്ടും അര മണിക്കൂറോളം പ്രതിയുമായി പൊലീസ് പെരുവഴിയിലായി. അപ്പോഴേക്കും പ്രദേശവാസികള്‍ തടിച്ചുകൂടി. തുടര്‍ന്ന് 4.45ഓടെ സ്വകാര്യ വാഗണര്‍ കാറിലാണ് ഷാരൂഖ് സെയ്ഫിയെ കോഴിക്കോട്ടെത്തിച്ചത്. മതിയായ സുരക്ഷയില്ലാതെ മൂന്നു പൊലീസുകാര്‍ വിജനമായ സ്ഥലത്ത് കഴിച്ചുകൂട്ടിയത് ഒരു മണിക്കൂറോളമാണ്. സെയ്ഫിയുടെ ചോദ്യംചെയ്യല്‍ നടപടികള്‍ക്കായി എഡിജിപി എം.ആര് അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കോഴിക്കോട് മാലൂര്‍ക്കുന്ന് എആര്‍ ക്യാമ്ബിലെത്തിയിട്ടുണ്ട്. ട്രെയിനില്‍ എന്തിന് തീ കൊളുത്തിയെന്ന ചോദ്യത്തിന് തന്റെ കുബുദ്ധിയെന്ന് ഷാരൂഖ് സെയ്ഫി മൊഴി നല്‍കിയെന്ന് പൊലീസ്. എന്നാല്‍ പൊലീസ് ഈ മൊഴി മുഖവിലയ്ക്കെടുത്തില്ല. കേരളത്തിലെത്തിയത് ആദ്യമായാണെന്നും ഷാരൂഖ് സെയ്ഫി മൊഴി നല്കി. തീ കൊളുത്തിയ ശേഷം അതേ ട്രെയിനില്‍ തന്നെ കണ്ണൂരിലെത്തി. റെയില്‍വെ സ്റ്റേഷനില്‍ പൊലീസിന്റെ പരിശോധന നടക്കുമ്ബോള്‍ ഒന്നാം നമ്ബര്‍ പ്ലാറ്റ് ഫോമില്‍ ഒളിച്ചിരുന്നു. അന്ന് പുലര്‍ച്ചയോടെ ജനറല്‍ കമ്ബാര്‍ട്ട്മെന്റില്‍ ടിക്കറ്റ് എടുക്കാതെ രത്നഗിരിയിലേക്ക് യാത്ര ചെയ്തെന്നും ഷാരൂഖ് സെയ്ഫി മൊഴി നല്‍കിയെന്ന് പൊലീസ് പറയുന്നു.

