മന്ത്രിസഭാ രൂപവത്കരണം: വകുപ്പുവിഭജനത്തില്‍ കീഴ്‌വഴക്കങ്ങളും മാറും

കോഴിക്കോട്: കേരളത്തിൽ ഭരണത്തുടർച്ചയെന്ന ചരിത്രംസൃഷ്ടിച്ച സാഹചര്യത്തിൽ പുതിയ മന്ത്രിസഭാ രൂപവത്കരണം ധൃതിപിടിച്ച് വേണ്ടെന്ന തീരുമാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ഘടകകക്ഷികളുമായും പ്രത്യേകം ചർച്ചനടത്തി മാത്രമായിരിക്കും മന്ത്രിമാരുടെ എണ്ണം തീരുമാനിക്കുക. വകുപ്പുവിഭജനത്തിൽ ഇതുവരെയുള്ള കീഴ്വഴക്കങ്ങളും മാറും. ഇതുസംബന്ധിച്ച ചർച്ചകളുടെ വിവരം ചോർന്നുപോകാതിരിക്കാനും മറുതന്ത്രങ്ങൾ രൂപംകൊള്ളാതിരിക്കാനുമാണ് സി.പി.എം. നേതൃയോഗങ്ങൾവരെ മാറ്റിവെച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനുമാണ് ഘടകകക്ഷികളുമായുള്ള ചർച്ചകൾ നയിക്കുന്നത്. ഇടതുമുന്നണി കൺവീനർ എ. വിജയരാഘവനും ചില ചർച്ചകളിൽ സംബന്ധിക്കുന്നുണ്ട്. സി.പി.ഐ.യുമായുള്ള പ്രാരംഭചർച്ച നടന്നുകഴിഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ മറ്റുകക്ഷികളുമായും ചർച്ചനടത്തും.
പരമാവധി പുതുമുഖങ്ങളും യുവാക്കളുമുള്ള സംഘത്തെയാണ് പുതിയ മന്ത്രിസഭയായി മുഖ്യമന്ത്രി വിഭാവനംചെയ്യുന്നത്. വർഷങ്ങളായി തുടരുന്ന, വകുപ്പുകൾ ഓരോ ഘടകകക്ഷികൾക്ക് വീതംവെക്കുന്ന രീതിക്ക് മാറ്റംവരും. പുതിയ കാലത്തിനനുസരിച്ച് വകുപ്പുകളുടെ ക്രമീകരണത്തിലും മാറ്റംവരും. ഇതുവരെ വിവിധ മന്ത്രിമാരുടെ കീഴിലുണ്ടായിരുന്ന, പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന വകുപ്പുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതായിരിക്കും വലിയമാറ്റം. ഇതുസംബന്ധിച്ച നിർദേശങ്ങൾ മുഖ്യമന്ത്രിയുടെ പരിഗണനയിലുണ്ട്.
വർഷങ്ങളായി ഒരേ കക്ഷികൾ കൈവശംവെക്കുന്ന വകുപ്പുകളുടെ കാര്യത്തിലും മാറ്റംവരുത്താൻ ആലോചിക്കുന്നു. ഇതുസംബന്ധിച്ച അഭിപ്രായമാണ് ഘടകകക്ഷികളുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രിയും കോടിയേരിയും ആരായുന്നത്. എല്ലാവരുടെയും അഭിപ്രായമറിഞ്ഞശേഷം യുക്തമായ നിലപാട് സ്വീകരിക്കാനാണ് തീരുമാനം.
രണ്ടാംവരവിൽ കൂടുതൽ ആസൂത്രിതമായും ക്രിയാത്മകമായും പ്രവർത്തിക്കാനാവുന്ന മന്ത്രിസഭയാണ് പിണറായി ലക്ഷ്യമിടുന്നത്. മേയ് പതിനെട്ടോടെ കോവിഡ് നിയന്ത്രണങ്ങളിൽ അയവുവരുത്താനാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. സത്യപ്രതിജ്ഞ ആഘോഷമായി നടത്താൻ അപ്പോഴേക്കും അവസരമൊരുങ്ങുമെന്നും പിണറായി കണക്കുകൂട്ടുന്നു.
കേരളത്തിനൊപ്പം തിരഞ്ഞെടുപ്പുനടന്ന പശ്ചിമബംഗാളിൽ പുതിയ സർക്കാർ അധികാരമേറ്റു. തമിഴ്നാട്ടിൽ വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ. എന്നാൽ, ഇക്കാര്യത്തിൽ തിരക്കുപിടിക്കേണ്ടെന്ന നിലപാടിലാണ് പിണറായി വിജയൻ.

