റീൽസിൽ വൈറലാകാൻ ടിപ്സ്, ബന്ധം വിവാഹിതരായ സ്ത്രീകളുമായി; ടിക്ടോക് താരം ബലാത്സംഗക്കേസിൽ അറസ്റ്റിൽ

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ടിക്ടോക് താരം അറസ്റ്റിൽ. കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ചിറയിൻകീഴ് സ്വദേശി വിനീതാണ് അറസ്റ്റിലായത്. ടിക്ടോകിൽ തുടങ്ങി റീൽസിലൂടെ താരമായി മാറിയ ആളാണ് വിനീത്.
സമൂഹ മാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സുള്ളയാളാണ് വിനീത്. കാറ് വാങ്ങിക്കാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. പെൺകുട്ടി പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ബലാത്സംഗക്കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.
ഒട്ടേറെ സ്ത്രീകൾ വിനീതിന്റെ വലയിൽ കുടുങ്ങിയതായിട്ടാണ് പോലീസ് വ്യക്തമാക്കുന്നത്. പലസ്ത്രീകളുമായിട്ടുള്ള സ്വകാര്യ ദൃശ്യങ്ങൾ വിനീത് മൊബൈലിൽ പകർത്തിയിരുന്നു. സ്വകാര്യ ചാറ്റുകൾ അടക്കം റെക്കോർഡ് ചെയ്ത് ഇയാൾ ഫോണിൽ സൂക്ഷിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദൃശ്യങ്ങൾ കാണിച്ച് വിനീത് സ്ത്രീകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ, വിലപേശൽ നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.

