നഴ്സുമാരോട് ആരോഗ്യവകുപ്പിന്റെ ഇരട്ട നീതി; ഒരു വിഭാഗത്തിന് ലഭിക്കുന്നത് ശമ്പളം നേർ പകുതി മാത്രം

കാസർകോട് ∙ സ്വന്തം ജീവൻ പോലും പണയം വച്ച് കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന നഴ്സുമാരോട് ആരോഗ്യവകുപ്പിന് ഇരട്ടനീതി. താൽക്കാലികാടിസ്ഥാനത്തിൽ നിയമിച്ച നഴ്സുമാരിൽ ഒരു വിഭാഗത്തിനു നല്ല ശമ്പളം കൊടുക്കുമ്പോൾ മറ്റൊരു വിഭാഗത്തിനു ലഭിക്കുന്നത് നേർ പകുതി മാത്രം. കോവിഡ് ഡ്യൂട്ടിക്കായി ആരോഗ്യവകുപ്പ് താൽക്കാലികമായി നിയമിച്ച നഴ്സുമാർക്ക് പിഎസ്‌സി ശമ്പള സ്കെയിൽ മാനദണ്ഡമാക്കി 29,000 മുതൽ 34,000 രൂപ വരെയാണ് ഒരു മാസം നൽകുന്നത്.
എന്നാൽ ദേശീയ ആരോഗ്യ ദൗത്യം (എൻഎച്ച്എം) വഴി നിയമിച്ച നഴ്സുമാർക്ക് 17000 രൂപയാണ് ആകെ ലഭിക്കുന്നത്. നിയമനം രണ്ടു തരത്തിലാണെങ്കിലും ഒരേ ജോലിയാണ് രണ്ടു കൂട്ടരും ചെയ്യുന്നത്. കോവിഡ് രോഗികളുടെ പരിചരണം മുതൽ രാത്രി ഡ്യൂട്ടി വരെ ഇരുകൂട്ടർക്കുമുണ്ട്. ജോലി ചെയ്യുന്ന സമയം പോലും തുല്യം. എന്നിട്ടും ശമ്പളം നൽകുമ്പോൾ എൻഎച്ച്എം വഴി നിയമിച്ചവർക്ക് അവഗണനയാണ്.
അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഇത്തരത്തിൽ നഴ്സുമാരെ നിയമിച്ചതെന്നും പിഎസ്‌സി നിയമനം വരുമ്പോൾ അവരെ ഒഴിവാക്കുമെന്നുമാണ് അധികൃതരുടെ വാദം. എന്നാൽ 4 മാസത്തിലേറെയായി ഇങ്ങനെ ജോലി ചെയ്യുന്നവരുണ്ട്. മാത്രമല്ല പിഎസ്‌സി റാങ്ക് പട്ടികയിലുൾപ്പെട്ടവരെ മാത്രമേ ഇങ്ങനെ നിയമിക്കാവൂ എന്ന ചട്ടമുണ്ട്. എന്നാൽ ഇങ്ങനെ നിയമിക്കപ്പെട്ട പലരും പട്ടികയിലുൾപ്പെടാത്തവരാണെന്നും ആക്ഷേപമുണ്ട്.

