കനത്ത മഴ: കോഴിക്കോട് വീടിന് മുകളിൽ മരം വീണു, പെരുമ്പാവൂരിൽ സ്‌കൂൾ ഓഡിറ്റോറിയം തകർന്നു; ചാലക്കുടിയിലും വ്യാപക നഷ്ടം

കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് കനത്ത കാറ്റിലും മഴയിലും പലയിടത്തും വ്യാപക നാശനഷ്ടങ്ങൾ. കോഴിക്കോട് വീടിന് മുകളിൽ മരം വീണ് വയോധികയ്ക്ക് പരിക്കേറ്റു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ സ്‌കൂൾ ഓഡിറ്റോറിയം തകർന്നുവീണു. സ്‌കൂൾ വിട്ടശേഷമായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ചാലക്കുടി പട്ടണത്തിലും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി.
ചൊവ്വാഴ്ച ഉച്ചയ്ത്ത് രണ്ടുമണിയോടെയാണ് കോഴിക്കോട് ഗ്രാമീണ-മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടായത്. ബാലുശ്ശേരി പനങ്ങാട്ടാണ് വീടിന് മുകളിൽ മരം വീണത്. പനങ്ങാട് സ്വദേശി ഭാസ്‌കരന്റെ ഭാര്യയും തൊഴിലുറപ്പ് തൊഴിലാളിയുമായ പ്രേമയ്ക്കാണ് പരിക്കേറ്റത്. ജോലി കഴിഞ്ഞ് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയ സമയത്തായിരുന്നു പ്രേമയ്ക്ക് അപകടം സംഭവിച്ചത്. ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീഴുകയും, ഓട് തകർന്ന് പ്രേമയുടെ തലയിൽ വീഴുകയുമായിരുന്നു. അപകടം നടന്നയുടൻ നാട്ടുകാർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രേമയുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെരുമ്പാവൂർ ഓടക്കാലി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഓഡിറ്റോറിയമാണ് തകർന്നുവീണത്. സ്‌കൂൾ വിട്ട് കുട്ടികൾ പോയതിനു ശേഷം വൈകീട്ട് ഏതാണ്ട് നാലരയോടെയാണ് അപകടമുണ്ടായത്. സംഭവസമയത്ത് വിദ്യാർഥികളാരും സ്‌കൂൾ പരിസരത്ത് ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സ്‌കൂളിനോട് ചേർന്ന് ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെ തൂണുകളും മേൽക്കൂരയും പൂർണ്ണമായും തകർന്നു വീഴുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം പെരുമ്പാവൂർ, മൂവാറ്റുപുഴ, എറണാകുളം നഗരം എന്നിവിടങ്ങളിൽ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടു.
ചാലക്കുടി സിദ്ധാർത്ഥ ഹോട്ടലിന്റെ മുൻപിൽ മരം വീണ് ഉടമയുടെ കാർ തകർന്നു. പുറത്തുണ്ടായിരുന്ന മരം ഹോട്ടൽ കോമ്പൗണ്ടിലേക്ക് വീഴുകയായിരുന്നു. സെന്റ് ജെയിംസ് അക്കാദമി റോഡിൽ വൈദ്യുതി പോസ്റ്റിലേക്ക് മരം വീണ് പോസ്റ്റ് മറിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. കെഎസ്ആർടിസി സ്റ്റാന്റിൽ ഗേറ്റിനടുത്ത് മരം കുറകെ വീണ് ഗതാഗത തടസ്സമുണ്ടായി. പിന്നീട് മരം നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. കാറ്റിൽ ചാലക്കുടിപ്പുഴയോരത്ത് നിന്നിരുന്ന വലിയ പരസ്യ ബോർഡുകൾ നിലം പൊത്തി. പലയിടത്തും വീടുകളുടെയും കടകളുടെയും മുകളിൽ ഇട്ടിരുന്ന ഷീറ്റുകൾ പറന്നു പോയി. മൂന്നര മണിയോടെയാണ് ചാലക്കുടിയിൽ കാറ്റും മഴയും ഉണ്ടായത്.

