എട്ട് മണിക്കൂർ നീണ്ട രാജ്യതലസ്ഥാനത്തെ പ്രതിഷേധത്തിനൊടുവിൽ രാഹുൽ ഗാന്ധിയെ വിട്ടയച്ചു

ഡൽഹി: എട്ട് മണിക്കൂർ നീണ്ട രാജ്യതലസ്ഥാനത്തെ പ്രതിഷേധത്തിനൊടുവിൽ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത നേതാക്കളെയും വിട്ടയച്ചു. ഭരണാഘടന ഉയർത്തിപ്പിടിച്ച് രാഹുൽ ഗാന്ധി. പ്രതിഷേധം തുടരുമെന്നും ആഹ്വാനം ചെയ്തു.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ കാണണമെന്ന് ആവശ്യപ്പെട്ട് കമ്മീഷൻ ആസ്ഥാനത്തോട് ചേർന്നുള്ള ആകാശവാണി ഭവനുള്ളിൽ പ്രതിഷധിച്ച രാഹുലിനെയും എംപിമാരെയും ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്തത്. പ്രിയങ്കാഗാന്ധിയും കെ.സി വേണുഗാപാലും ഉൾപ്പെടെയുള്ള 50 എംപിമാരടക്കം 250 പേരാണ് അറസ്റ്റിലായത്. പ്രിയങ്ക ഗാന്ധിയെ കൊണ്ടുപോയ വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു.
രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പ്രത്യേകം വാഹനത്തിൽ കസ്റ്റഡിയിലെടുത്തപ്പോൾ മറ്റ് എംപിമാരെയും പ്രവർത്തകരെയും ബസുകളിലാണ് പൊലീസ് കൊണ്ടുപോയത്. പ്രതിഷേധ മാർച്ച് ആകാശവാണി ഭവന് സമീപം പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് തടയുകയായിരുന്നു.
തുടർന്ന് നേതാക്കൾ റോഡിൽ പ്രതിഷേധിച്ചു. ഇതിനിടെ രാഹുൽ ഗാന്ധി പൊലീസ് ബാരിക്കേഡിന് മുകളിലേക്ക് കയറി ദേശീയപതാക വീശുകയും ചെയ്തു. പിന്നീട് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആകാശവാണി ഭവൻ വളപ്പിലെത്തി പ്രതിഷേധം തുടർന്നു.
പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധിച്ചാണ് പ്രതിപക്ഷ എംപിമാർ മാർച്ച് നടത്തിയത്.തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പോകാൻ ശ്രമിച്ച പ്രതിപക്ഷ നേതാക്കളെ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷാവസ്ഥ ഉണ്ടായത്.

