KSDLIVENEWS

Real news for everyone

റെയിൽവേ സ്റ്റേഷനരികിൽ ആളില്ലാത്ത വണ്ടികൾ : തുരുമ്പെടുത്തും, മണ്ണിൽ പൂണ്ടൂം നശിക്കുന്നു.

SHARE THIS ON

കാസർകോട്: കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തുന്നവരെ ആദ്യം സ്വാഗതംചെയ്യുന്നത് ആർക്കുംവേണ്ടാതെ ഉപേക്ഷക്കപ്പെട്ടുകിടക്കുന്ന ചില ബൈക്കുകളാണ്. റെയിൽവേസ്റ്റേഷനിലേക്കുള്ള റോഡിന്റെ അരികുകളിൽ വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ടുകിടക്കുന്ന ബൈക്കുകളാണിവ. മിക്ക ബൈക്കുകളും കാലപ്പഴക്കത്താൽ ദ്രവിച്ചുതുടങ്ങി. മഴപെയ്ത് പലതും മണ്ണിൽ പുതഞ്ഞനിലയിലുമാണ്.

ലോക്ക്ഡൗണിന്റെ സമയത്ത് റെയിൽവേസ്റ്റേഷനിലെ ടാക്സിഡ്രൈവറുമാരുടെ നേതൃത്വത്തിൽ പാർക്കിങ് സ്ഥലം ശുചീകരിക്കുകയും കാടുമൂടിക്കിടന്നിരുന്ന നിരവധി ഇരുചക്രവാഹനങ്ങൾ ശുചിയാക്കിവെച്ചതുമാണ്. എങ്കിലും, മഴ വന്നതോടെ മിക്കതും പഴയപടിയായി. ലോക്ക്ഡൗൺ വന്നപ്പോൾ ട്രെയിൻ കയറിപ്പോയവരുടേതടക്കമുള്ള നിരവധി വാഹനങ്ങൾ റെയിൽവേയുടെ പാർക്കിങ് സ്ഥലത്തായിരുന്നു.

എന്നാൽ, ലോക്ക്‌ഡൗൺ അവസാനിച്ചപ്പോൾ പല ഉടമസ്ഥരും തിരികെവന്ന് തങ്ങളുടെ വാഹനങ്ങൾ കൊണ്ടുപോയി. മാസങ്ങളോളം ഓട്ടമില്ലാതെ കിടന്ന വാഹനങ്ങൾ പലതും സ്റ്റാർട്ടാവാത്തതിനാൽ ലോറിയിലും മറ്റുമായാണ് കൊണ്ടുപോയത്. എന്നാൽ, ഉടമസ്ഥർ ഉപേക്ഷിക്കപ്പെട്ട ബൈക്കുകൾ ഇപ്പോഴും ഇവിടെക്കിടന്ന് നശിക്കുകയാണ്.

നിലവിൽ ട്രെയിൻ ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കുമ്പോൾ ഈ വാഹനങ്ങൾ ഇവിടെയെത്തുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ടായിത്തീരും.

വാഹനം പാർക്കുചെയ്യാനും മറ്റുമുള്ള സ്ഥലം തികയാതെ വരും. എത്രയുംവേഗം ഉടമസ്ഥരില്ലാത്ത വാഹനങ്ങൾ ഇവിടെനിന്ന് മാറ്റി സ്റ്റേഷൻപരിസരം ശുചീകരിക്കണമെന്നും പാർക്കിങ്ങിനും മറ്റും ഇത്തരം സ്ഥലം ഉപയോഗിക്കണമെന്നുമാണ് സ്റ്റേഷൻപരിസരത്തെ ഓട്ടോ-ടാക്സി ഡ്രൈവർമാരുടെ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!