എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാനുള്ള അവസരം ഒരുക്കണം- ബി.ജെ.പി മുന്‍ അധ്യക്ഷന്‍ കെ.രാമന്‍ പിള്ള

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരേ പാർട്ടിക്കുള്ളിൽ അസംതൃപ്തി പരസ്യമായ സാഹചര്യത്തിൽ പ്രതികരണവുമായി പാർട്ടി മുൻ അധ്യക്ഷൻ കെ. രാമൻ പിള്ള രംഗത്ത്. എല്ലാവർക്കും അവരുടെ കഴിവുകൾക്കും സ്വാധീനത്തിനും അനുസരിച്ച് പ്രവർത്തിക്കാൻ ഉള്ള സാഹചര്യം ഒരുക്കണമെന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. പാർട്ടിയിലെ ഗ്രൂപ്പിസത്തെപ്പറ്റിയും അതിന്റെ കാരണങ്ങളെപ്പറ്റിയും പാർട്ടിയുടെ കേരളത്തിലെ വിജയ സാധ്യതകളെപ്പറ്റിയും അദ്ദേഹം വിശദീകരിക്കുന്നു.
നിരവധി പ്രശ്നങ്ങൾ സംസ്ഥാനത്തെ പാർട്ടി ഘടകം നേരിടുന്നുണ്ട്. അടുത്തിടെ മുതിർന്ന നേതാവ് പി.എം.വേലായുധൻ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരയുന്ന സാഹചര്യം വരെയുണ്ടായി. ബിജെപി സംസ്ഥാനത്ത് ഒരു നേതൃത്വ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് കരുതുന്നുണ്ടോ?
വേണ്ടത്ര പരിഗണിക്കുന്നില്ല എന്ന തോന്നൽ അവർക്കുണ്ടാകാം. നേതൃത്വം അത് പരിഹരിക്കേണ്ടതുണ്ട്. എല്ലാവർക്കും അവരവർ ആഗ്രഹിക്കുന്ന സ്ഥാനങ്ങളിൽ തന്നെ തുടരാൻ സാധിച്ചെന്നു വരില്ല. അതിൽ മാറ്റങ്ങൾ വന്നേക്കാം. എന്നാൽ പ്രവർത്തിക്കാൻ സ്ഥാനങ്ങൾ നിർബന്ധമാണോയെന്ന കാര്യത്തിൽ ഒരു ചിന്ത എന്നെ സംബന്ധിച്ചിടത്തോളമില്ല.
പക്ഷെ എല്ലാവർക്കും അവരുടെ കഴിവുകൾക്കും സ്വാധീനത്തിനും അനുസരിച്ച് പ്രവർത്തിക്കാൻ ഉള്ള സാഹചര്യം ഒരുക്കണം എന്നുള്ള കാര്യത്തിൽ സംശയമില്ല. ആ സാഹചര്യം ഇല്ലായെന്ന അവരുടെ പരാതി പരിഹരിക്കേണ്ടത് നേതൃത്വമാണ്. പക്ഷെ അക്കാര്യങ്ങൾ അവർ പരസ്യമായി പറയുന്നതിന് മുമ്പ് അത് പാർട്ടിക്കുള്ളിൽ പറയേണ്ടതായിരുന്നു. മുതിർന്ന നേതാക്കളെ ഒതുക്കിയെന്ന പരാതി നേതൃത്വം പരിഹരിക്കണം.
ഗ്രൂപ്പിസം ഇപ്പോഴും ബിജെപിയിൽ ഒരു പ്രതിസന്ധിയാണോ?
പാർട്ടി ഭരണഘടനയും കീഴ്വഴക്കങ്ങളും ലംഘിച്ചുപോകുന്ന അവസ്ഥ വന്നാൽ ഗ്രൂപ്പിസം ശക്തിപ്പെടും. മറ്റൊന്ന് ഒരു വ്യക്തിയോടൊപ്പം നിന്നാൽ ചില നേട്ടങ്ങൾ ഉണ്ട് എന്ന് ധരിച്ചിട്ട് ആ വ്യക്തിയുടെ പിന്നിൽ നിൽക്കുന്ന ആളുകളുണ്ട്. ഇത് രണ്ടും നിരുത്സാഹപ്പെടുത്തേണ്ട പ്രവണതയാണ്. കേരളത്തിൽ ഈ പ്രവണത കോൺഗ്രസിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിലുമുണ്ട്. അത് ബിജെപിയിലും വരരുത് എന്നതാണ് എന്റെ അഭിപ്രായം. ബിജെപി അതിൽ നിന്നും വിമുക്തമായിരിക്കണം. കാരണം ബിജെപി ഒരു ആദർശത്തിൽ അധിഷ്ടിതമായ പാർട്ടിയാണ്. അത് ആ രീതിയിൽ തന്നെ പോകണം.
ഇപ്പോൾ കാണുന്ന പ്രസ്താവനകളെ കാര്യമായി കാണേണ്ടതില്ല. അതൊന്നും ഗ്രൂപ്പിസത്തിന്റെ ഫലമാണെന്ന് ഞാൻ കരുതുന്നില്ല. അവരൊക്കെ പാർട്ടിയോട് കൂറുള്ളവരാണ്, അവർ തുടർന്നും പ്രവർത്തിക്കുമെന്നുതന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല എന്നാരോപിച്ച് ആളുകൾ പാർട്ടി വിട്ട് പോകുന്നുണ്ടല്ലോ?
അതൊക്കെ പരിഹരിക്കേണ്ട കാര്യമാണ്. നേതൃത്വവുമായി അക്കാര്യങ്ങൾ സംസാരിക്കും. പക്ഷെ ഒരുകാര്യം വ്യക്തമാക്കേണ്ടതുണ്ട്. ബിജെപിയിൽ നിന്ന് ഒന്നോ രണ്ടോ ആളുകൾ പോകുമ്പോൾ അത് വാർത്ത ആകുന്നു. മാർക്സിസ്റ്റ് പാർട്ടിയിൽ നിന്നുൾപ്പെടെ നിരവധി ആളുകൾ ബിജെപിയിലേക്ക് എത്തുന്നുമുണ്ട്. എന്തെങ്കിലും പ്രശ്നങ്ങൾ മൂലം ആളുകൾ പാർട്ടി വിട്ടുപോകുന്നുവെങ്കിൽ അക്കാര്യം ചർച്ച ചെയ്ത് പരിഹരിക്കണം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അത്തരം അപശബ്ദങ്ങൾ പരിഹരിക്കേണ്ടതുണ്ട്. തീർച്ചയായും നേതൃത്വം അക്കാര്യങ്ങൾ പരിഹരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.
ദേശീയ തലത്തിൽ ശക്തമായൊരു എൻഡിഎ സംവിധാനമുണ്ട്. അതിന്റെ നെടുനായകത്വവുമായി ബിജെപി അതിശക്തമായി തുടരുകയും ചെയ്യുന്നു. ദേശീയ തലത്തിൽ കോൺഗ്രസിന് ബദലായൊരു രാഷ്ട്രീയ ശക്തിയായി ബിജെപി മാറുകയും ചെയ്തു. എന്നാൽ കേരളത്തിൽ എൽഡിഎഫ് യുഡിഎഫ് മുന്നണികൾ അവശേഷിപ്പിച്ച രാഷ്ട്രീയ വിടവിലേക്ക് എൻഡിഎയ്ക്ക് കടന്നുകയറാൻ എന്തുകൊണ്ടാണ് സാധിക്കാതെ പോയത്?
അതിന് കാരണം രണ്ട് പാർട്ടികളും ദീർഘകാലമായി അധികാരത്തിൽ മാറിമാറി ഇരുന്നവരാണ്. അവർക്ക് അതിന്റേതായ സ്വാധീനമുണ്ട്. കേരളത്തിലേക്ക് ബിജെപി പക്ഷെ വളരെ വൈകിയാണ് വന്നത്. അതിന്റെ ഘടകകക്ഷികൾക്കും ഇപ്പോൾ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞെന്ന് വരില്ല. പക്ഷെ അവരെക്കൂടി ഉൾക്കൊണ്ടുതന്നെയാണ് മുന്നോട്ടുപോകുന്നത്. പക്ഷെ ഇനിയും ചിലർ മുന്നണിയിലേക്ക് വരാൻ തയ്യാറാണ്, അവരേക്കൂടി ഉൾപ്പെടുത്തി മുന്നണി വിപുലപ്പെടുത്തണം.
കൊറോണ നിമിത്തം ഒന്നിച്ചുകൂടാനുള്ള അസൗകര്യങ്ങളാണ് പല പരിപാടികളും ഒന്നിച്ച് നടത്താൻ സാധിക്കാതെ പോകുന്നത്. ഇതൊക്കെ മാറിക്കഴിയുമ്പോൾ അതൊക്കെ നടത്തും എന്നാണെന്റെ വിശ്വാസം. കേരളത്തിൽ എൻഡിഎ സംവിധാനം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പടിപടിയായി വോട്ടിങ് ശതമാനം വർധിച്ചിട്ടുമുണ്ട്.
ആർ.എസ്.എസിന്റെ കണക്കിൽ രാജ്യത്ത് ഏറ്റവുമധികം ശാഖകൾ നടക്കുന്ന സംസ്ഥാനമാണ് കേരളം. അങ്ങനെയുള്ള സംഘടനാ സംവിധാനം സുശക്തമായൊരു പ്രദേശത്ത് ബിജെപിയുടെ ആശയപരിസരങ്ങൾക്ക് അധികം സ്വീകാര്യത ലഭിക്കുന്നില്ല. എന്തുകൊണ്ടാണെന്നാണ് കരുതുന്നത്.?
ഒരുകാര്യം വ്യക്തമാക്കേണ്ടതുണ്ട്. സംഘത്തിന്റെ ശാഖകളുടെ എണ്ണവും പ്രവർത്തകരുടെ എണ്ണവും അല്ല രാഷ്ട്രീയ രംഗത്തെ വിജയത്തിന് കാരണമാകുന്നത്. അതിന് രാഷ്ട്രീയ പ്രതിബദ്ധതയുള്ള പ്രവർത്തകരുടെയും നേതാക്കളുടെയും ശ്രേണി ശക്തിപ്പെടുത്തണം. ആ രീതിയിലൂടെയുള്ള ശക്തിയിൽ മാത്രമേ തിരഞ്ഞെടുപ്പിൽ വിജയമുണ്ടാകു. പക്ഷെ സംഘത്തിന്റെ പിന്തുണ അത് വലിയൊരു ശക്തി തന്നെയാണ്. അതിനെ അവഗണിക്കാൻ സാധിക്കില്ല. പക്ഷെ അതുമാത്രം പോര. വിവിധ രീതിയുള്ള ജനങ്ങളാണ് സമൂഹത്തിലുള്ളത്. അവരെ ഏകീകരിക്കുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. പക്ഷെ അത് നടക്കണം. സംഘത്തിന്റെ പിന്തുണയ്ക്ക് പുറമെ മറ്റുജനവിഭാഗങ്ങളെയും കൂടെ കൂട്ടുമ്പോൾ മാത്രമേ വിജയം ഉണ്ടാകു. രാഷ്ട്രത്തിന്റെ നന്മ ആഗ്രഗിക്കുന്നവരെ ഒരുമിപ്പിച്ചുകൊണ്ടുപോകണം എന്നതാണ് ബിജെപിയുടെ ലക്ഷ്യം.
കേരളത്തിൽ കോൺഗ്രസും സിപിഎമ്മും ശക്തമായി നിലനിൽക്കുന്നു. അങ്ങനെയുള്ളപ്പോൾ ഏത് പാർട്ടി ക്ഷിണിച്ചാലാണ് ബിജെപിക്ക് നേട്ടമുണ്ടാക്കാൻ ആകുന്നത്? നിലവിലെ രാഷ്ട്രീയ സാഹചര്യമുണ്ടല്ലോ, ഈയൊരു പശ്ചാത്തലത്തിൽ ബിജെപിക്ക് എന്തെങ്കിലും പ്രയോജനം മുന്നിൽ കാണുന്നുണ്ടോ?
കേരളത്തിൽ കാലാകാലങ്ങളിൽ കമ്മ്യൂണിസ്റ്റ് വിരോധം പറഞ്ഞ് കോൺഗ്രസും, കോൺഗ്രസ് വിരോധം പറഞ്ഞ് കമ്മ്യൂണിസ്റ്റുകളും ജയിച്ചുകൊണ്ടിരുന്നു. ഇപ്പോൾ ഭാഗ്യത്തിന് അവർ തമ്മിൽ യോജിക്കാൻ തീരുമാനം ആയിക്കഴിഞ്ഞു. ഇതോടെ അവരുടെ എതിർപ്പിന്റെ ശക്തി കുറയും. ഇതോടെ ബദൽ ശക്തിയായി ബിജെപിക്ക് വളരാൻ സാധിക്കും.
തൊട്ടടുത്ത സംസ്ഥാനങ്ങളിൽ പോലും കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ഒരുമിച്ച് വോട്ട് പിടിക്കാൻ പോവുകയാണ്. ഇപ്പോഴതിന് കേരളത്തിലും പരസ്യമായ പിന്തുണ ഇരുപാർട്ടികളിൽ നിന്നും വന്നിരിക്കുന്നു. ഇനി അവർക്ക് വാക്കുമാറാൻ സാധിക്കില്ല. അപ്പോൾ കേരളത്തിൽ ഒരു ബദൽ കക്ഷി വേണമല്ലോ, അതിന് ഇവിടെ ബിജെപി അല്ലാതെ വേറെ ആരാണുള്ളത്.
കേരളത്തിൽ ബിജെപി അധികാരത്തിന്റെ ഭാഗമാകുന്ന സാഹചര്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ? എത്ര സീറ്റ് പ്രതീക്ഷിക്കുന്നു കേരളത്തിൽ.
കേരളത്തിൽ എത്ര സീറ്റ് ഉണ്ടാകുമെന്ന് ഉറപ്പ് പറയാനില്ല. കേരളത്തിൽ ഭൂരിപക്ഷം സീറ്റും നേടാൻ സാധിക്കും എന്നാണ് എന്റെ പ്രതീക്ഷ. എങ്ങനെയാണോ ത്രിപുര പോലുള്ള സംസ്ഥാനങ്ങൾ ബിജെപിക്ക് ഭരിക്കാൻ സാധിക്കുന്നത് അതുപോലെ കേരളത്തിലും ബിജെപിക്ക് ഭരിക്കാൻ സാധിക്കും. ഇന്നത്തെ സംഘടന ഇക്കാര്യത്തിനായി കുറച്ചുകൂടി ശ്രദ്ധിക്കണം. എങ്ങനെയെങ്കിലും മത്സരിക്കുക എന്നതിന് പകരം ജയിക്കാനും ഭരിക്കാനും വേണ്ടിയാണ് മത്സരിക്കേണ്ടത്. കഴിഞ്ഞ കുറച്ച് തിരഞ്ഞെടുപ്പുകളിലായി അണികളിൽ ഇത്തരമൊരു ആത്മവിശ്വാസം ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല.
ശബരിമല വിഷയം ബിജെപി വലിയൊരു സമരായുധമാക്കി ഉപയോഗിച്ചിരുന്നതാണ്. എന്നാൽ സർക്കാരിന്റെ അന്നത്തെ തീരുമാനങ്ങൾക്കെതിരെ ഉയർന്ന ജനരോഷം ബിജെപിക്ക് പ്രതീക്ഷിച്ചപോലെ വോട്ടായി മാറിയില്ല. എന്തുകൊണ്ടാണിത്?
ശബരിമല വിഷയം വന്നപ്പോൾ പോലീസിന്റെ അടികൊള്ളാനും ജയിലിൽ പോകാനും മുന്നിൽ നിന്നത് ബിജെപി പ്രവർത്തകരാണ്. പക്ഷെ രാഷ്ട്രീയ നേട്ടം കൈവരിച്ചത് യുഡിഎഫാണ്. അതിന് പ്രധാന കാരണം ബിജെപി അണികളിൽ ഇപ്പോഴും ഒരു പരാജയ ബോധം ഉണ്ട് എന്നതാണ്. നമ്മൾ ജയിക്കില്ല, തോൽപ്പിക്കേണ്ടവരെ ഉദ്ദേശിച്ച് മറ്റാരെയെങ്കിലും ജയിപ്പിക്കണം എന്ന വികാരം ഉപബോധ മനസിൽ കിടപ്പുണ്ട്. അത് മാറ്റിയെടുക്കണം. മാറും, കാരണം അവർ തമ്മിൽ വ്യത്യാസമില്ല, അവർ സഖ്യത്തിലാണ്. ബിജെപിയേ തോൽപ്പിക്കാൻ പരസ്പരം സഹകരിക്കാമെന്ന കാഴ്ചപ്പാട് കോൺഗ്രസിനും മാർക്സിസ്റ്റ് പാർട്ടിക്കുമുണ്ട്. ആ സാഹചര്യത്തിൽ ഒരു ബദൽ ശക്തിയേപ്പറ്റിയുള്ള ചിന്ത ജനങ്ങളിലുണ്ടാകും. ആ ചിന്ത ബിജെപിയെ വിജയത്തിലേക്ക് നയിക്കും എന്നതാണ് എന്റെ വിശ്വാസം.

