ഡ്രൈവിങ് പഠനം പാളി; നിയന്ത്രണം വിട്ട കാര്‍ ജൂവലറിയിലേക്ക് ഇടിച്ചുകയറി, സി.സി.ടി.വി. ദൃശ്യം

പാലക്കാട്: ഡ്രൈവിങ് പഠനത്തിനിടെ നിയന്ത്രണം വിട്ട കാര്‍ ജൂവലറിയിലേക്ക് ഇടിച്ചുകയറി. പാലക്കാട് ജില്ലയിലെ നെന്മാറയിലാണ് സംഭവം. തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെ നടന്ന അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യം ഇപ്പോഴാണ് പുറത്തുവന്നത്. ജൂവലറിയുടെ ചില്ലുവാതില്‍ തകര്‍ത്താണ് കാര്‍ അകത്തേക്ക് കയറിയത്. കടയ്ക്കുള്ളില്‍ വാതിലിന് തൊട്ടടുത്തായി ഉണ്ടായിരുന്നയാള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കാര്‍ ചില്ലുവാതില്‍ തകര്‍ത്ത് അകത്ത് കയറുന്നതും കടയിലുണ്ടായിരുന്നയാള്‍ ഓടിമാറി രക്ഷപ്പെടുന്നതും സി.സി.ടി.വി. ദൃശ്യത്തില്‍ കാണാം. നാല് പേരാണ് കാറിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവര്‍ക്കോ ജൂവലറിയിലുണ്ടായിരുന്നവര്‍ക്കോ പരിക്കില്ല. തൊട്ടുമുമ്പിലെ വാഹനെ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ഇടിക്കാതിരിക്കാനായി കാര്‍ വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്.

