കുടിശ്ശിക 200 കോടി: ശസ്ത്രക്രിയയ്ക്ക് മെഡിക്കൽ കോളേജുകളിലേക്ക് സാധനങ്ങൾ നൽകില്ലെന്ന് വിതരണക്കാർ

തൃശ്ശൂർ: കേരളത്തിലെ ആറ് മെഡിക്കൽ കോളേജുകളിലെ ശസ്ത്രക്രിയാനുബന്ധ വസ്തുക്കളുടെ വിതരണം പ്രതിസന്ധിയിലായേക്കും. എട്ടുമാസമായി മൊത്തം 200 കോടിയിലധികം രൂപയുടെ കുടിശ്ശികയാണുള്ളത്. ഇതിന്റെ എൺപതുശതമാനം തുകയെങ്കിലും ഉടൻ നൽകാത്തപക്ഷം വിതരണം നിർത്തുമെന്നാണ് മുന്നറിയിപ്പ്.
ഹൃദയശസ്ത്രക്രിയയിലും മറ്റും ഉപയോഗിക്കുന്ന കത്തീറ്ററുകൾ, ക്ലിപ്പുകൾ തുടങ്ങിയ 200-ലധികം വസ്തുക്കളാണ് ഈ വിഭാഗത്തിൽപ്പെടുക. കാരുണ്യ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിക്കുകീഴിൽ വരുന്ന ചികിത്സയ്ക്കാണ് ഇവ പ്രയോജനപ്പെടുത്തുന്നത്. ഓരോ മെഡിക്കൽ കോളേജിനും ടെൻഡർ വഴിയാണ് വിതരണക്കരാർ. കരാറിലെ വ്യവസ്ഥപ്രകാരം പരമാവധി രണ്ടു മാസത്തിനകമാണ് തുക നൽകേണ്ടത്. എന്നാൽ, മിക്ക മെഡിക്കൽ കോളേജ് അധികൃതരോടും ആവർത്തിച്ചാവശ്യപ്പെട്ടിട്ടും പൈസ കിട്ടുന്നില്ലെന്നാണ് ആക്ഷേപം. മരുന്നുവിതരണക്കാർക്കും ഇതിലധികം കുടിശ്ശിക കിട്ടാനുണ്ടെന്നാണ് പറയുന്നത്.
ഉപകരണങ്ങളുടെ കാര്യത്തിൽ ഏറ്റവും വലിയ കുടിശ്ശിക കോട്ടയം മെഡിക്കൽ കോളേജിനാണ്-നൂറുകോടിയോളം രൂപ. ഏകദേശം 50 സ്ഥാപനങ്ങളാണ് വിതരണത്തിന് കരാറെടുത്തിരിക്കുന്നത്. ഇവരിൽ പലർക്കും ഒരുലക്ഷം രൂപ മുതൽ കോടികൾ വരെയാണ് കിട്ടാനുള്ളത്. ബന്ധപ്പെട്ട ഫണ്ട് അനുവദിക്കാത്തതാണ് പ്രശ്നമായി മെഡിക്കൽ കോളേജധികൃതർ പറയുന്നത്. സർക്കാർ ഇടപടലിലൂടെ വേഗം കുടിശ്ശിക അനുവദിക്കാത്തപക്ഷം വിതരണം നിർത്തേണ്ടിവരുമെന്ന് അസോസിയേഷൻ ഓഫ് മെഡിക്കൽ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫോർ ഗവ. ഹോസ്പിറ്റൽസ് ഭാരവാഹികൾ പറയുന്നു.

