KSDLIVENEWS

Real news for everyone

മുജാഹിദ് സമ്മേളനത്തില്‍നിന്ന് പാണക്കാട് തങ്ങന്മാരെ വിലക്കിയിട്ടില്ല-സമസ്ത

SHARE THIS ON

കോഴിക്കോട്: കേരളത്തിലെ മുജാഹിദ് വിഭാഗം മതേതര വിരുദ്ധ കക്ഷികളുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്ന് സമസ്ത ആരോപിച്ചു. കോഴിക്കോട്ട് നടന്ന മുജാഹിദ് സമ്മേളനത്തിലേക്ക് പാണക്കാട് തങ്ങന്മാരെ സമസ്ത വിലക്കിയിട്ടില്ലെന്നും സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അടക്കമുള്ള നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പാണക്കാട് തങ്ങന്മാര്‍ സമസ്തയുടെ വക്താക്കളാണ്. എതിര്‍ ആശയക്കാരുടെ ആദര്‍ശസമ്മേളനങ്ങളില്‍ സമസ്ത നേതാക്കള്‍ പോകരുതെന്ന് സമസ്തയില്‍ നിര്‍ദേശമുള്ളതാണ്. എന്നാല്‍, പാണക്കാട് തങ്ങന്മാരെ സമസ്ത വിലക്കിയിട്ടില്ല. സമസ്ത ഇടപെട്ട് ആരെയും വിലക്കിയിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കോഴിക്കോട്ട് സമാപിച്ച മുജാഹിദ് സമ്മേളനം, അവര്‍ മതേതരവിരുദ്ധ കക്ഷികളുടെ ചട്ടുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് ആവര്‍ത്തിച്ച്‌ വ്യക്തമാക്കുന്നതായിരുന്നു. രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളും ന്യൂനപക്ഷങ്ങളും ഫാസിസ്റ്റ് ഭരണകൂട ഭീകരതയ്‌ക്കെതിരെ ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിത്. എന്നാല്‍, അതിന്റെ വക്താക്കളെ ഔദ്യോഗികമായി സ്വീകരിക്കുകയും അവരുടെ അജണ്ടകള്‍ക്ക് ന്യായീകരണം നടത്തുകയുമാണ് മുജാഹിദ് സമ്മേളനത്തിലൂടെ ചെയ്തത്. രാമക്ഷേത്ര നിര്‍മാണം, പൗരത്വനിയമം, കശ്മീര്‍ വിഷയം തുടങ്ങി ഫാസിസ്റ്റ് അജണ്ടകളുടെ പ്രചാരകനായ അസ്ഗര്‍ അലി ഇമാം മഹ്ദി സലഫിയെ സമ്മേളനത്തിലെ പ്രധാന അതിഥിയായി കൊണ്ടുവന്നതും യാദൃശ്ചികമല്ലെന്ന് നേതാക്കള്‍ വിമര്‍ശിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആദര്‍ശ സമ്മേളനം എട്ടിന് ഞായറാഴ്ച വൈകീട്ട് അഞ്ചിന് കാഴിക്കോട് കടപ്പുറത്ത് നടക്കും. സമസ്തയുടെയും പോഷകഘടകങ്ങളുടേയും നേതാക്കളും പ്രവര്‍ത്തകരും അടക്കം പതിനായിരങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമസ്തയുടെ ആശയപ്രചാരണവും മതത്തിന്റെ പേരില്‍ വികല വീക്ഷണം പ്രചരിപ്പിക്കുന്നവരുടെ തനിനിറം വിശദീകരിക്കുന്നതായിരിക്കും സമ്മേളനം. മതവിശ്വാസികള്‍ക്കെതിരായ ലിബറല്‍ ആശയക്കാരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ പാഠ്യപദ്ധതികളിലും കലോത്സവങ്ങളിലും ഒളിച്ചുകടത്തുന്നതും ഇസ്‌ലാമോഫോബിയ പ്രചാരണങ്ങളും സമ്മേളനത്തില്‍ തുറന്നുകാണിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

ഒരു നൂറ്റാണ്ടിനോടടുക്കുന്ന സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിനകത്തും പുറത്തും വ്യാപിച്ചുവരികയാണ്. ഇസ്‌ലാമിന്റെ തനതുരൂപം പ്രചരിപ്പിക്കുകയും അതിനെതിരായി വരുന്ന നീക്കങ്ങളെ നിയമവിധേയമായും ഫലപ്രദമായും പ്രതിരോധിക്കുകയുമാണ് സമസ്തയുടെ മുഖ്യലക്ഷ്യം. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിതെന്നും വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കു പുറമെ കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എം.സി മായിന്‍ ഹാജി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവരും പങ്കെടുത്തു.

Summary: Samastha alleged that the Mujahid faction is working as a tool for anti-secular parties and Panakkad Sayyids were not banned from the their conference

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!