കുമ്പള ബസ് സ്റ്റാൻഡ് കോംപ്ലക്സ് പുനർനിർമാണം വൈകുന്നു; യാത്രക്കാർ പെരുവഴിയിൽ

കുമ്പള ∙ കത്തുന്ന വേനൽ ചൂടിൽ വലയുകയാണ് നൂറു കണക്കിനു വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ. കുമ്പള ബസ് സ്റ്റാൻഡ് കോംപ്ലക്സ് പൊളിച്ചു നീക്കി 4 വർഷം പിന്നിട്ടിട്ടും എങ്ങുമെത്താതെ പുതിയ കെട്ടിട നിർമാണം അനന്തമായി നീളുകയാണ്. സംസ്ഥാനാന്തര സർവീസ് ഉൾപ്പെടെ നാനൂറോളം ബസ്സുകൾ കയറിയിറങ്ങുന്ന ഇവിടെ ഇപ്പോൾ യാത്രക്കാർ ഭൂരിഭാഗവും കടുത്ത വേനലിൽ ഒരു തണൽ മറ പോലും ഇല്ലാതെ ബസ് കാത്തു നിൽക്കണം.
മുപ്പതോളം പേർക്കു കയറി നിൽക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി സഹായത്തോടെ പണിതു കൊടുത്ത ഒരു താൽക്കാലിക ഷീറ്റ് ഷെഡ് മാത്രമാണ് ഇപ്പോൾ ആശ്രയം. മഴക്കാലമായാൽ വെള്ളം അകത്തേക്ക് അടിച്ചു കയറും. വെയിലും കൊള്ളണം. കാസർകോട് – മഞ്ചേശ്വരം ദേശീയ പാത , കുമ്പള- ബദിയടുക്ക, കുമ്പള-മുള്ളേരിയ, കുമ്പള- പെർമൂദെ തുടങ്ങി നാനാഭാഗങ്ങളിലേക്കുള്ള യാത്രക്കാർ പോക്കുവരവിനു കൂടി ചേരുന്ന പ്രധാന ബസ് സ്റ്റാൻഡ് ആണ് നാലു വർഷമായി പൊളിച്ചിട്ടിരിക്കുന്നത്.
ഇവിടെ മൂന്നു നിലകളുള്ള ഷോപ്പിങ് കോംപ്ലക്സ് മാത്രമാണ് പണിയുകയെന്നു പഞ്ചായത്ത് ഭരണസമിതി പ്രസിഡന്റും വൈസ് പ്രസിഡന്റും പറയുന്നു. ഇവിടെ നിന്നു 50 മീറ്റർ അകലെ ബദിയടുക്ക റോഡരികിൽ സ്റ്റാൻഡ് പണിയാനുള്ള സ്ഥലം സൗജന്യമായി ലഭിക്കുന്നതിനുള്ള നടപടികളിലാണെന്നു പറയുമ്പോഴും ഇതിനു എത്ര കാലം കാത്തു നിൽക്കണമെന്നാണ് യാത്രക്കാരുടെ ചോദ്യം.

