യുഡിഎഫ് സ്ഥാനാർഥിയ്ക്ക് ഭക്ഷണം വിളമ്പി സിപിഎം നേതാക്കൾ, ഇതാണ് മാതൃക; ചിത്രങ്ങള്‍ വൈറൽ..

നീലേശ്വരം ∙ സിപിഎം ശക്തികേന്ദ്രമായ പാലായിയിൽ ബൂത്ത് സന്ദർശനത്തിനെത്തിയ തൃക്കരിപ്പൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം.പി.ജോസഫിന് ഭക്ഷണം വിളമ്പി സിപിഎം നേതാക്കൾ.ഇന്നലെ ബൂത്ത് സന്ദർശനത്തിന്റെ ഭാഗമായാണ് സ്ഥാനാർഥി പാലായിയിൽ എത്തിയത്. പാലായി എഎൽപി സ്കൂളിലെ ബൂത്ത് സന്ദർശനം നടത്തി മടങ്ങാനൊരുങ്ങിയ സ്ഥാനാർഥിയെ നേതാക്കൾ ഭക്ഷണത്തിനു വിളിച്ചു. പാലായി സെൻട്രൽ ബ്രാഞ്ച് മുൻ സെക്രട്ടറി കണ്ടത്തിൽ രവിയുടെ വീട്ടിലാണ് ഭക്ഷണമൊരുക്കിയിരുന്നത്. നീലേശ്വരം അർബൻ ബാങ്ക് ജനറൽ മാനേജർ എം.വി.രാജീവൻ, നീലേശ്വരം നഗരസഭാ മുൻ കൗൺസിലർ സി.സി.കുഞ്ഞിക്കണ്ണൻ, പാലായി തായൽ ബ്രാഞ്ച് സെക്രട്ടറി സി.സി.മധു, സെൻട്രൽ ബ്രാഞ്ച് സെക്രട്ടറി കാലത്ത് പപ്പൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥാനാർഥിയെ ഊണു വിളമ്പി സൽക്കരിച്ചത്. ചക്കക്കറിയും കോഴിക്കറിയും പുഴമീൻ പൊരിച്ചതുമായിരുന്നു വിഭവങ്ങൾ. ഭക്ഷണം കഴിച്ച് എല്ലാവരോടും കുശലം പറഞ്ഞു പരിചയപ്പെട്ട ശേഷമാണ് സ്ഥാനാർഥി മടങ്ങിയത്. ഇതിന്റെ പടങ്ങൾ സമൂഹ മാധ്യമങ്ങളിൽ വന്നതോടെ വ്യാപക ചർച്ച ഉയരുകയും ചെയ്തു. എം.പി.ജോസഫിന്റെ ഫെയ്സ്ബുക് പേജിലേക്കും ഇതു ഷെയർ ചെയ്യപ്പെട്ടു.

