കേരളത്തിൽ ശക്തമായ വേനൽ മഴ; വ്യാപക കൃഷി നാശം

തിരുവനന്തപുരം- വേനൽ ചൂടിനെ കുളിരണിയിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ശക്തമായ മഴ പെയ്തു. കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലാണ് കനത്ത മഴയും കാറ്റും വീശിയടിച്ചത്. മധ്യകേരളത്തിൽ ശക്തമായമായകാറ്റിലും മഴയിലും വ്യാപകമായ കൃഷിനാശമുണ്ടായി.
ഇന്നലെ വൈകിട്ട് തുടങ്ങിയ മഴയും കാറ്റും മണിക്കൂറുകളോളം നീണ്ടുനിന്നു. പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. കൊല്ലം പുനലൂരിൽ ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീണു. എറണാകുളം ജില്ലയുടെ വിവിധ മേഖലകളിൽ ശക്തമായ മഴയാണ് പെയ്തത്. പെരുമ്പാവൂരിൽ റോഡിലേക്ക് മരങ്ങൾ കടപുഴകി വീണത് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി.
ഇന്റർനെറ്റ് സംവിധാനങ്ങളെയും മഴബാധിച്ചു. ശക്തമായ കാറ്റിൽ കൃഷിനാശമുണ്ടായി. ശക്തമായ ഇടിയും മിന്നലും പലയിടത്തുമുണ്ടായി. കോതമംഗലം കുട്ടമ്പുഴയിൽ ആറ് വീടുകളുടെ മേൽക്കൂരകൾ തകർന്നു. തട്ടേക്കാട് കുട്ടമ്പുഴ റൂട്ടിൽ മരങ്ങൾ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. ഇലക്ട്രിക്ക് പോസ്റ്റിലേക്ക് മരങ്ങൾ വീണ് ഇലക്ട്രിസിറ്റി തടസ്സപ്പെട്ടു.
സംസ്ഥാനത്ത് വ്യാപകമായി വൈദ്യുതി നിശ്ചലമായി.
കൂരാച്ചുണ്ടിൽ മരം വീണ് മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കൃഷി നാശവും സംഭവിച്ചു പുവത്തുംചോലയിലാണ് കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണത്. കൂരാച്ചുണ്ട് ബാലുശ്ശേരി റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.
വയനാട് മീനങ്ങാടിയിൽ അഞ്ച് വീടുകളുടെ മേൽക്കൂരകൾ തകർന്നു. മലയോര മേഖലകളിലും കാറ്റും മഴയും ശക്തമായിരുന്നു. മലപ്പുറത്ത് ശക്തമായ മഴയും കാറ്റും മൂലം ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക്സ് മത്സരങ്ങൾ നിർത്തിവെച്ചു. കാലിക്കറ്റ് സർവകലാശാലയുടെ മൈതാനത്ത് നടന്ന മത്സരങ്ങളാണ് നിർത്തിവെച്ചത്.

