ചിത്തരഞ്ജൻ ഇഫക്ട്’; വിവാദത്തിലായ ഹോട്ടലിൽ അപ്പത്തിനും മുട്ടറോസ്റ്റിനും വിലകുറച്ചു

ആലപ്പുഴ∙ പി.പി. ചിത്തരഞ്ജൻ എംഎൽഎയുടെ പരാതി നൽകിയതിലൂടെ വാർത്തകളിൽ ഇടംപിടിച്ച ആലപ്പുഴ കണിച്ചുകുളങ്ങരയിലെ ഹോട്ടലിൽ അപ്പത്തിനും മുട്ട റോസ്റ്റിനും വിലകുറച്ചു. സിംഗിൾ മുട്ട റോസ്റ്റിന് 50 രൂപയായിരുന്നത് 10 രൂപ കുറച്ച് 40 രൂപയാക്കി. ഒരു അപ്പത്തിന് 15 രൂപ ഈടാക്കിയിരുന്നത് കുറച്ച് 10 രൂപയാക്കിയതായും ഹോട്ടൽ ഉടമ അറിയിച്ചു. അമിത വില ഈടാക്കിയെന്ന് കാണിച്ച് ആലപ്പുഴ ജില്ലാ കലക്ടർ ഡോ. രേണു രാജിനാണ് ചിത്തരഞ്ജൻ എംഎൽഎ പരാതി നൽകിയത്.
എന്നാൽ, ഇതുമായി ബന്ധപ്പെട്ട് പ്രത്യേക നിയമമില്ലാത്തതിനാൽ ഈ വിഷയത്തിൽ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് കലക്ടർ എംഎൽഎയെ അറിയിച്ചിരുന്നു.
അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ഈടാക്കിയെന്ന് ആരോപിച്ചാണ് കണിച്ചുകുളങ്ങരയിലെ ഹോട്ടലിനെതിരെ മന്ത്രി പരാതി നൽകിയത്. ആലപ്പുഴ മണ്ഡലത്തിലെ ഹോട്ടലുകളിൽ അമിതവില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചിത്തരഞ്ജന്റെ പരാതി. കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചതിന്റെ അനുഭവം എംഎൽഎ വിവരിച്ചത് ഇങ്ങനെ:
‘ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ. അതൊരു സ്റ്റാർ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ല. ചില ഹോട്ടലുകളിൽ രണ്ടു കറികളുള്ള വെജിറ്റേറിയൻ ഊണ് കഴിക്കണമെങ്കിൽ 100 രൂപ നൽകണം. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നൽകുന്ന സാധാരണ ഹോട്ടലുകൾ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലർ കൊള്ളലാഭമുണ്ടാക്കാൻ കൃത്രിമ വിലക്കയറ്റം നടത്തുന്നത്’.

