KSDLIVENEWS

Real news for everyone

അമേരിക്കൻ മോഡൽ റോഡ് ഇനി കുമരകത്തും; 13.3 കിലോമീറ്റർ റോഡിനായി 120 കോടി രൂപ, പാലത്തിന് 7.94 കോടി

SHARE THIS ON

കോട്ടയം :അമേരിക്കയിലെയും യൂറോപ്പിലെയും റോഡുകളുടെ നിർമാണത്തിൽ പരീക്ഷിച്ചു വിജയിച്ച സാങ്കേതികവിദ്യ കുമരകത്തും ഉപയോഗിക്കാൻ കിഫ്ബി. ചതുപ്പ് നിലങ്ങളിൽ ബലവത്തായും വേഗത്തിലും പണികൾ നടത്താൻ കഴിയുന്ന ‘സ്റ്റോൺ കോളം’ നിർമാണ രീതിയാണ് ഇത്. കുമരകത്തെ കോണത്താറ്റ് പാലത്തിന്റെ സമീപനപാത ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചാകും പണിയുക.ഡിസൈനും നിർമാണ രീതിയും സർക്കാരിനു സമർപ്പിച്ചു.

കിഫ്ബിയുടെ മേൽനോട്ടത്തിൽ ആദ്യമായാണു കേരളത്തിൽ ഈ സാങ്കേതിക വിദ്യ പൂർണമായും ഉപയോഗിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. കോൺക്രീറ്റ് പൈലിങ് രീതിയിൽ കമ്പിയും സിമന്റും ഉപയോഗിക്കാതെ മെറ്റലും മണലും മാത്രം ചേർത്ത് റോഡിന്റെ താഴ്ചയിൽ നിന്നുള്ള നിർമാണ രീതിയാണ് ‘സ്റ്റോൺ കോളം’. കൊച്ചി വല്ലാർപാടം രാജ്യാന്തര ട്രാൻസ്‌ഷിപ്പ്മെന്റ് കണ്ടെയ്‌നർ ടെർമിനൽ റോഡ്, പോർട്ട് ട്രസ്റ്റ് ഈ വിധത്തിലാണ് നിർമിച്ചിരിക്കുന്നത്.


നിർമാണം ഇങ്ങനെ

പാലത്തിന്റെ ഇരുവശത്തേക്കും 70 മീറ്റർ വീതം നീളത്തിലാണു സമീപനപാത. ബിഎം ആൻഡ് ബിസി നിലവാരത്തിലാകും ടാറിങ്. പാലത്തിന്റെ അപ്രോച്ച് റോഡ് പണിയുന്ന ഭാഗത്ത് 20 മീറ്റർ താഴ്ചയിൽ വരെ ചെളിയുണ്ട്. സാധാരണ രീതിയിലുള്ള റോഡ് നിർമിച്ചാൽ ഭാവിയിൽ ഇടിയാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.


പാലത്തിന് 7.94 കോടി

കോട്ടയം – കുമരകം പാതയിലെ ഇല്ലിക്കൽ ജംക്‌ഷൻ മുതൽ കുമരകം വരെ 13.3 കിലോമീറ്റർ റോഡ് വികസിപ്പിക്കുന്നതിന് 120 കോടി രൂപയുടെ ഭരണാനുമതിയാണുള്ളത്. കൂടാതെ ഇല്ലിക്കൽ മുതൽ കൈപ്പുഴമുട്ട് വരെ ഭൂമി എറ്റെടുക്കാനും മറ്റുമായി 21.13 കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിച്ചിട്ടുണ്ട്. 7.94 കോടി രൂപ ചെലവഴിച്ചുള്ള പാലത്തിന്റെ പണി നടന്നു വരികയാണ്. ഗ്രാമീണ മേഖലയിലെ നിർമാണങ്ങൾക്കും ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി നിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!